
കോട്ടയം: പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായി പാര്‍ട്ടി അധഃപതിച്ചെന്ന് സി.പി.ഐ. ജില്ലാസമ്മേളന വേദിയില്‍ രൂക്ഷ വിമര്‍ശനം.
ആനി രാജ വിഷയത്തില്‍ രണ്ടാംദിവസവും കടുത്ത വിമര്‍ശനമുയര്‍ന്നു. വാഴൂര്‍, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മുണ്ടക്കയം മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ വിഷയത്തില്‍ സംസ്‌ഥാനനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയത്. ആനി രാജയ്‌ക്കെതിരേ ആക്ഷേപമുണ്ടായപ്പോള്‍ സംസ്‌ഥാന സെക്രട്ടറി സ്വീകരിച്ച നിലപാട് ശരിയായില്ല.
സംസ്‌ഥാനത്തെ വിവാദവിഷയങ്ങളില്‍ ദേശീയനേതാക്കള്‍ക്ക് അഭിപ്രായം പറയണമെങ്കില്‍ സംസ്‌ഥാന കമ്മിറ്റി ഓഫീസായ എം.എന്‍. സ്‌മാരകത്തില്‍ വന്ന് അനുവാദം വാങ്ങേണ്ട ഗതികേടാണ്. ഇതു പാര്‍ട്ടിക്കു ഭൂഷണമല്ലെന്ന് അവര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായിയുടെ വണ്‍മാന്‍ ഷോയ്‌ക്കു പിന്നാലെ പോകുന്നത് പാര്‍ട്ടിക്കു ഭൂഷണമല്ലെന്ന് മുണ്ടക്കയം, ചങ്ങനാശേരി, തലയോലപ്പറമ്ബ് മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ ബുദ്ധിയും ശക്‌തിയുമപയോഗിച്ചു പടുത്തുയര്‍ത്തിയ പ്രസ്‌ഥാനമാണ് ഇന്ന് അടിയറവു വയ്‌ക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
ജന്മി-അടിയാന്‍ തരത്തിലുള്ള സമീപനമാണു പിണറായി സ്വീകരിക്കുന്നത്. ഇ.എം.എസ്. സര്‍ക്കാര്‍, നായനാര്‍ സര്‍ക്കാര്‍, വി.എസ്. സര്‍ക്കാര്‍ എന്നിങ്ങനെയാണ് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പിണറായി സര്‍ക്കാര്‍ എന്നറിയപ്പെടുന്നത് ആ വികാരത്തിലല്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
മന്ത്രി വി.എന്‍. വാസവനെതിരേ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ജനങ്ങളെ കബളിപ്പിക്കുന്ന മറുപടികളാണ് വാസവനില്‍നിന്നുണ്ടായത്. സഹകരണ മേഖലയുടെ ഇടതുമുഖം നഷ്‌ടമായിരിക്കുകയാണെന്നും തുടര്‍ച്ചയായ ആരോപണങ്ങള്‍ ഈ മേഖലയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുകയാണെന്നും വാഴൂര്‍, കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.







