
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എറണാകുളത്തു നിന്നും കോട്ടയം കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ ജൂൺ നാല് മുതൽ ഓടി ത്തുടങ്ങും. ജൂൺ നാലാം തീയതി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് എറണാകുളത്തു നിന്ന് സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ, ഞായറാഴ്ച രാവിലെ അഞ്ച് അൻപതിന് വേളാങ്കണ്ണിയിൽ എത്തിച്ചേരുമെന്നും, ഞായറാഴ്ച വൈകുന്നേരം വീണ്ടും വൈകിട്ട് ആറ് മുപ്പതിന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് എറണാകുളത്ത് എത്തിച്ചേരും.
എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര കായംകുളം ശാസ്താംകോട്ട കായംകുളം കൊല്ലം കുണ്ടറ കൊട്ടാരക്കര ആവണീശ്വരം പുനലൂർ തെൻമല ചെങ്കോട്ട കടയനല്ലൂർ ശങ്കരൻകോവിൽ രാജപാളയം, ശിവകാശി വിരുദുനഗർ അറുപ്പുകോട്ടൈ കാരൈക്കുടി അരൺതാങ്കി, പട്ടുകോട്ടൈ , അതിരംപട്ടിണം, തിരുതുറൈപൂണ്ടി, തിരുവാറൂർ, നാഗപട്ടണം, വേളാങ്കണ്ണി, എന്ന സ്റ്റോപ്പുകളിലാണ് ട്രെയിൻ നിർത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗപട്ടണം വേളാങ്കണ്ണി സെക്ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൽക്കാലം വേളാങ്കണ്ണി ട്രെയിൻ നാഗപട്ടണം വരെ സർവീസ് നടത്തും, അറ്റകുറ്റപ്പണികൾ തീരുന്നതോടെ ട്രെയിൻ പത്തു കിലോമീറ്റർ ദൂരം മാത്രമുള്ള വേളാങ്കണ്ണിയിലേക്ക് നീട്ടുമെന്ന് റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനിൽ ഒരു ഫസ്റ്റ് എ സി കോച്ച്, രണ്ട് സെക്കൻഡ് എ സി കോച്ച്, ഏഴ് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കമ്പാർട്മെൻറുകൾ, രണ്ട് സിറ്റിങ് കം ലഗ്ഗേജ് റേക്ക് ഉൾപ്പെടെ ആകെ പതിനാല് കോച്ചുകളാണ് ഉള്ളത്. ഇപ്പോൾ പ്രതിവാര സ്പെഷ്യൽ ട്രെയിൻ ആയി സർവീസ് നടത്തുന്ന വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ മൂന്നുമാസങ്ങൾക്കകം തന്നെ റെഗുലർ ട്രെയിൻ ആയിട്ട് സർവീസ് നടത്തുമെന്ന് സതേൺ റെയിൽവേ ഉറപ്പു നൽകി.









