
ഭാര്യയെയും മകളെയും മര്‍ദിച്ച പ്രതിയെ പിടികൂടാന്‍ ശ്രമിക്കവേ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭാര്യയെയും മകളെയും മര്‍ദിച്ച പ്രതിയെ പിടികൂടാന്‍ ശ്രമിക്കവേ, പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍.
ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടില്‍ ശിവരാജന്റെ മകന് ജിജിക്കുട്ടന്‍ ഉല്ലാസാണ് (39) പിടിയിലായത്.
ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ജിജിക്കുട്ടൻ വീട്ടിലെത്തി ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പൊലീസ് കണ്ട്രോള് റൂമില്‍നിന്ന് സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ രാജീവും സംഘവും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ യുവാവ് പൊലീസിനുനേരെ തിരിയുകയായിരുന്നു. മല്‍പിടിത്തത്തിനിടെ എസ്.ഐ രാജീവിന്റെ ഇടതുകൈപ്പത്തി കടിച്ച് പരിക്കേല്പിച്ചു. തടയാന്‍ തുനിഞ്ഞ സി.പി.ഒ ഗിരീഷ് കുമാറിന്റെ വലതുകൈപ്പത്തി ബലമായി പിടിച്ചുതിരിച്ചതിനെത്തുടര്ന്ന് ചെറുവിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. സി.പി.ഒ വിഷ്ണുവിന് ചവിട്ടേറ്റു.
പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിന്റെ നിര്‍ദേശത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്.