
ഞായര്‍ ലോക്ക്ഡൗണ്‍ തുടരും; കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമില്ല; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് അവലോകന യോഗത്തില്‍ തീരുമാനം
സ്വന്തം ലേഖിക
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ സമാനമായ നിയന്ത്രണം അടുത്തയാഴ്ചയും തുടരും.
അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം നിയന്ത്രണം തുടരണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ഇവ തുടരുന്നത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും. ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു ദിവസം മാത്രമുള്ള ഈ കടുത്ത നിയന്ത്രണം കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായത്. അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന തിരുവനന്തപുരത്ത് കേസുകള്‍ കുറഞ്ഞെന്ന് യോഗം വിലയിരുത്തി.
എങ്കിലും തൽകാലം തലസ്ഥാന നഗരിയെ സി കാറ്റഗറിയില്‍ തന്നെ നിലനിര്‍ത്തി. രാത്രിക്കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാമെന്നതാണ് യോഗത്തില്‍ ധാരണയായത്. സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ തീയറ്ററുകളും ജിമ്മുകളും അടച്ചിടാനുള്ള ഉത്തരവ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും നിയന്ത്രണങ്ങള്‍ എല്ലാം അതുപോലെ തുടരാനാണ് തീരുമാനം.
അതേസമയം, അന്താരാഷ്ട്ര യാത്രാര്‍ക്കുള്ള റാന്‍ഡം പരിശോധന 20 ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമാക്കി ചുരുക്കാന്‍ തീരുമാനമായി. സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വ്യക്തമായ സാഹചര്യത്തില്‍ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാല്‍ ഒമിക്രോണും ഡെല്‍റ്റയുമല്ലാതെ മറ്റേതെങ്കിലും വകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് പരിശോധന നിര്‍ത്തലാക്കാതെ രണ്ട് ശതമാനം പേര്‍ക്ക് മാത്രമായി നടത്താന്‍ തീരുമാനിച്ചത്.
അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നുമാണ് അവലോകന യോഗത്തിലെ പ്രതീക്ഷ. കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകന ,യോഗം വിലയിരുത്തി.