
ഏറ്റുമാനൂരിൽ മോഷ്ടാക്കളെന്ന് സംശയിക്കുന്ന സംഘത്തെ കണ്ടു; വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം കണ്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ട് പേര് ഇറങ്ങിയോടി; കുറുവാ സംഘമെന്ന് സംശയം
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: അതിരമ്പുഴ കാട്ടാത്തിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന സംഘത്തെ കണ്ടതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കാട്ടാത്തി സ്കൂളിനു സമീപത്ത് പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം കണ്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ട് പേര് ഇറങ്ങിയോടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആളുകളെ വ്യക്തമായില്ലെന്നും ആളനക്കമില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന കുറുവാസംഘത്തില്പെട്ടവരാണോ ഇവരെന്നു സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അതിരമ്ബുഴ പഞ്ചായത്തിലെ തൃക്കേല്‍ – മനയ്കപ്പാടം ഭാഗങ്ങളില്‍ ആറു വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു.
കുറുവാസംഘം എന്നറിയപ്പെടുന്ന തസ്കരന്മാര് രാത്രിയില്‍ നിരത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭയചകിതരായിരിക്കെയാണ് ഇപ്പോള്‍ കാട്ടാത്തിയിലെ സംഭവം. വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു ശനിയാഴ്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടത്.
മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കാണ് ഇവര്‍ പോയത്. കാട്ടാത്തി റയില്‍വേസ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. പോലീസ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതുകൂടാതെ ജനങ്ങള്‍ ഈ കാര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ അറിയിക്കുവാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്മെന്റും നടത്തിയിരുന്നു.