
200 കോടിയുടെ കുടിശ്ശിക; പല ആശുപത്രികള്‍ക്കും മൂന്ന് മാസമായി പണം ലഭിച്ചിട്ടില്ല; സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ ചികിത്സ നിര്‍ത്തുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: സര്‍ക്കാര്‍ 200 കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ കേരള ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യ മുഖേനയുള്ള ചികിത്സ നിര്‍ത്തുന്നു.
412 സ്വകാര്യ ആശുപത്രികളിലാണ് കാരുണ്യ പദ്ധതി നിലവില്‍ ഉള്ളത്. കാരുണ്യ മുഖേനയുള്ള ചികിത്സ നിര്‍ത്തുന്നുവെന്ന് കാണിച്ച് ആശുപത്രികള്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസമായി പല ആശുപത്രികള്‍ക്കും പണം ലഭിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
ജനറല്‍ വാര്‍ഡ്, തീവ്ര പരിചരണ വാര്‍ഡ് എന്നിവിടങ്ങളില്‍ കിടത്തിയുള്ള ചികിത്സകള്‍ക്കാണ് ആനുകൂല്യം. കിടത്തി ചികിത്സ, ഡോക്ടറുടെ നിര്‍ദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകള്‍, ആവശ്യമായ മരുന്നുകള്‍, വേണ്ടി വരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകള്‍ എന്നിവയെല്ലാം ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു.
ഡയാലിസിസ്, റേഡിയേഷന്, കീമോതെറാപ്പി, കണ്ണു സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി കിടത്തി ചികിത്സയില്ലാത്തവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മൂന്ന് ദിവസം മുന്‍പും വിടുതല്‍ ചെയ്തശേഷം 15 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും സൗജന്യമാണ്.