
രണ്ടു മാസം, ഒരേ സ്ഥലം, ഇരുപതിലേറെ മോഷണം, ഇരകൾ അതിഥി തൊഴിലാളികൾ; മോഷണം നടത്തുക താമസസ്ഥലം തകർത്തുകയറി; മോഷണ പരമ്പര തുടരുമ്പോഴും പ്രതികളെ ഇരുട്ടിൽതപ്പി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: രണ്ടു മാസത്തിനകം ഒരേ സ്ഥലത്തു ഇരുപതിലേറെ തവണ മോഷണം, ഇനിയും പ്രതിയെ പിടിക്കാൻ കഴിയാതെ കുഴങ്ങി പോലീസ്. മൂവാറ്റുപുഴയ്ക്കു സമീപം അതിഥി തൊഴിലാളികളുടെ ക്യാമ്പിലാണ് ഈ മോഷണ പരമ്പര അരങ്ങേറുന്നത്. അവസാന മോഷണം നടന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്.
സ്വർണ ചെയിൻ, മൊബൈൽ ഫോൺ തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളുമാണ് അതിഥി തൊഴിലാളികളിൽ നിന്ന് നഷ്ടപെടുന്നത്. അഞ്ചു പേരുടെയാണ് മൊബൈൽ ഫോൺ നഷ്ടമായത്. തിരുവോണദിനത്തിൽ പോലും മോഷണം നടന്നു. അതിഥി തൊഴിലാഴികളുടെ താമസസ്ഥലം തകർത്തുകയറിയാണ് പണവും മൊബൈൽ ഫോണും അടക്കമുള്ളവ തുടർച്ചയായി കവർന്നുകൊണ്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകൽ പണിക്കുപോകുന്ന സമയങ്ങളിലാണ് മോഷണം നടക്കുന്നതെന്നു കരുതുന്നു. മൊബൈൽ ഫോൺ നഷ്ടപ്പെട്ട പല തൊഴിലാഴികളുടെയും അവസ്ഥ കഷ്ടത്തിലായിരിക്കുകയാണ്. വീട്ടുകാരുമായി പലർക്കും ബന്ധപ്പെടാനാകുന്നില്ല.
അതുപോലെ തന്നെ തൊഴിൽ ഉടമകൾ പലരും മൊബൈൽ നമ്പരിലായിരുന്നു ഇവരെ ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ഫോൺ നഷ്ടമായതു തൊഴിലിനെയും ബാധിച്ചിരിക്കുകയാണ്. അതേസമയം, അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിൻറെ നിഗമനം.
അതു അകത്തുള്ളവരോ സമീപപ്രദേശങ്ങളിൽ ഉള്ളവരോ ആകാമെന്നും പോലീസ് പറയുന്നു. ഇരുപതിലേറെ മോഷണം നടത്തിയ സ്ഥിതിക്കു കള്ളന്മാർ ഇനിയും ശ്രമിക്കുമെന്നും അപ്പോൾ പിടികൂടാമെന്നുമുള്ള പ്രതീക്ഷയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.