
ഈ ഓണത്തിന് പായസമിത്തിരി പുളിക്കും…; കിറ്റില്‍ കശുവണ്ടിക്ക് പകരം കായവും പുളിയും; കിറ്റ് വിതരണം ഈ മാസം പതിനേഴിന് മുന്‍പ് പൂര്‍ത്തിയാക്കും; ശര്‍ക്കര വരട്ടിയും ഉപ്പേരിയും ഉള്‍പ്പെടെ പതിനാറ് ഇനം ഭക്ഷ്യ ഉത്പന്നങ്ങള്‍ മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തിയത് പോലെ എത്തില്ല; ആവശ്യക്കാര്‍ റേഷന്‍ കടയില്‍ പോയി വാങ്ങണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കശുവണ്ടി പരിപ്പ് ലഭിക്കാതായതോടെ ഓണ കിറ്റില്‍ പകരമായി കായവും പുളിയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. കശുവണ്ടി പരിപ്പ് ലഭിക്കാനില്ലെന്ന് സപ്ലൈകോ മേഖലാ മാനേജര്‍മാര്‍ അറിയിച്ചതോടെയാണ് കായം, പുളി, ആട്ട, പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും പകരം ഉള്‍പ്പെടുത്താമെന്ന് സപ്ലൈകോ സിഎംഡി നിര്‍ദേശിച്ചത്.
കിറ്റില്‍ 50 ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിന്റെ ലഭ്യത കുറവ് കാരണം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്താനാണ് അറിയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശര്‍ക്കരവരട്ടി, ഉപ്പേരി എന്നിവ ടെന്‍ഡര്‍ പ്രകാരം തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ സമയബന്ധിതമായി നല്‍കാത്തതിനെ തുടര്‍ന്ന് ഇവ കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍, മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവ വഴി വാങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ വരെ സംസ്ഥാനത്തെ 4.27 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കിയത്. ഈ മാസം 17ന് മുമ്ബായി കിറ്റ് വിതരണം പൂര്‍ത്തിയാക്കും.
തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുക. ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റില്‍ ഉണ്ടാവുക.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. നടന്‍ മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് കൊടുത്ത നടപടി വിവാദമായിരുന്നു. കിടപ്പ് രോഗികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലും കിറ്റ് വീട്ടിലെത്തിച്ച് നല്‍കാത്ത സാഹചര്യത്തില്‍ മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.