ഒ.ടി.ടി റിലീസിനു തൊട്ടു പിന്നാലെ ഫഹദ് ചിത്രം ‘മാലിക്’ ചോർന്നു
കൊച്ചി: ഒ.ടി.ടി റിലീസിനു തൊട്ടു പിന്നാലെ ഫഹദ് ഫാസിലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ചോർന്നു. ചിത്രത്തിന്റെ വ്യാജ പകർപ്പ് ടെലിഗ്രാമിൽ ഇപ്പോൾ പ്രചരിക്കുകയാണ്.
ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുപത് വയസ് മുതൽ 55 വയസുവരെയുള്ള സുലൈമാന്റെയും, അയാളുടെ തുറയുടെയും ജീവിതത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിനായി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു.
ചിത്രം ചോർന്നതിന് പിന്നാലെ സംവിധായകൻ മഹേഷ് നാരായണൻ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം പ്രവർത്തനങ്ങൾ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു. ആമസോണിലൂടെ ചിത്രം കാണണം. തൻറെ എന്നല്ല ഏത് സംവിധായകൻറെ സിനിമയായാലും ഇത്തരം പ്രവണതകൾ സിനിമകൾക്കു ബുദ്ധിമുട്ടാണെന്നും അദേഹം പറഞ്ഞു.