
ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച വൈകീട്ട് സോണിയ ഗാന്ധിയുടെ 10 ജൻപഥിലെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്. ശേഷം സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയ വിജയ്‍യെ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനാണ് വിജയ് ദില്ലിയിലെത്തിയത്.
നേരത്തെ, തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിൽ എത്തിയ വിജയ്, സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച നടത്താതെ മടങ്ങിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ്‍യുടെ രണ്ടാം ദില്ലി സന്ദർശനത്തിനിടെ ആണ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെയും വിജയ് സന്ദർശിച്ചു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഒറ്റകക്ഷിയായി മാറിയ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണയോടെ ആണ് ഭരണത്തിലേറിയത്.
സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് വേദിയിൽ തന്നെ ഇരിപ്പടം നൽകിയതും ശ്രദ്ധേയമായിരുന്നു. ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെയും വിജയ് ഉൾപ്പെടുത്തിയതിന് പുറമേ, തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകുകയും ചെയ്തിട്ടുണ്ട്.







