ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണം: ഉമ്മൻചാണ്ടിയുടെ വീടിനു മുകളിൽ കയറി ആത്മഹത്യാ ശ്രമവുമായി യുവാവ്; ആത്മഹത്യാ ഭീഷണി മുഴക്കിയത് യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ
സ്വന്തം ലേഖകൻ
പുതുപ്പള്ളി: നേമം നിയോജക മണ്ഡലത്തിൽ ഉമ്മൻചാണ്ടി മത്സരിക്കരുതെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നുമാവശ്യപ്പെട്ട് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ തറവാട് വീടിനു മുന്നിൽ പ്രതിഷേധം. വീടിനു മുകളിൽ കയറിയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കി. മീനടം സ്വദേശിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജസ്റ്റിനാണ് ഉമ്മൻചാണ്ടിയുടെ തറവാട് വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതിനിടെ, യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ വീടിനു മുന്നിൽ ധർണ നടത്തുകയാണ്.
ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ ധർണ നടത്തിയത്. ധർണ തുടരുന്നതിനിടെയാണ് മീനടം സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മൻചാണ്ടി നേരിട്ട് എത്തി ചർച്ച നടത്തി, പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പ് നൽകാതെ താഴെയിറങ്ങില്ലെന്നായിരുന്നു ജസ്റ്റിന്റെ ഭീഷണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം അറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് എത്തി. കോൺഗ്രസിന്റെ പതാകയും ഉയർത്തിപ്പിടിച്ചായിരുന്നു സമരം. പ്രതിഷേധത്തിന്റെ ഭാഗമായി ജസറ്റിൻ കെട്ടിടത്തിന് മുകളിൽ തന്നെ നിലയുറപ്പിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ കൂടുതലായി എത്തി ജസ്റ്റിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കോൺഗ്രസ് നേതാവ് അനിൽ കൂരോപ്പടയുടെ നേതൃത്വത്തിലായിരുന്നു ജസ്റ്റിനെ അനുനയിപ്പിക്കാൻ ശ്രമമുണ്ടായത്. എന്നാൽ, ഉമ്മൻചാണ്ടി നേരിട്ട് എത്താതെ താഴെ ഇറങ്ങില്ലെന്നായിരുന്നു ജസ്റ്റിന്റെ നിലപാട്. സമരം ഇപ്പോഴും തുടരുകയാണ്.