
സ്കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പീഡനത്തിനിരയായത് വീട്ടുകാരുമായി പിണങ്ങി നാടുവിടാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ നിന്നും സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. വലിയതുറ ഡൊമസ്റ്റിക് എയർപോർട്ടിന് മുൻവശം സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ്(34), വലിയതുറ വലിയതോപ്പ് സെന്റ്.ആൻസ് ചർച്ചിന് സമീപം സ്റ്റെല്ലാ ഹൗസിഷ ജോൺ ബോസ്കോ(ജോണ്ടി 33) എന്നിവരാണ് പൊലീസ് പിടിയിലായത്.
വീട്ടുകാരുമായി പിണങ്ങി ചെന്നൈയിലേക്ക് നാടുവിടാൻ റെയിൽവേസ്റ്റേഷനിൽ എത്തിയ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഒമ്പതിനാണ് പെൺകുട്ടി വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയത്. ചെന്നൈയ്ക്ക് പോകുന്നതിനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ നിന്നപ്പോഴാണ് പ്രതികൾ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പടിഞ്ഞാറെ കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ യാത്രയിൽ പ്രതികൾ ഒപ്പം പോവുകയും ചെയ്തു.
പിന്നീട് തമിഴ്നാട്ടിലെ കയ്പ്പാടി റെയിൽവേസ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചു. ശേഷം കടന്നു കളയുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ കാണാനില്ലെന്ന വീട്ടുകാർ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് വിദ്യാർത്ഥിനി ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തി.
ബംഗളൂരുവിൽ നിന്നും കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. മൊബൈൽ ഫോൺ ഇല്ലാതിരുന്ന പെൺകുട്ടി,കൂടെ യാത്ര ചെയ്തവരിൽ നിന്ന് ഫോൺ വാങ്ങി പലരെയും വിളിച്ചിരുന്നു. ഈ കാളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ബംഗളൂരുവിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.