play-sharp-fill
സ്‌കൂൾ നാളെ തുറക്കാനിരിക്കേ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മിഷൻ

സ്‌കൂൾ നാളെ തുറക്കാനിരിക്കേ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂളുകൾ നാളെ തുറക്കാനിരിക്കെ പ്രളയദുരിത ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിൽ യൂണിഫോം ധരിച്ചെത്താൻ കുട്ടികളെ നിർബന്ധിക്കരുതെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉൾപ്പെടെ സകലതും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇവ ക്ലാസിൽ കൊണ്ടുവരാൻ കഴിയാത്തതിന്റെ പേരിൽ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേൽ സ്വീകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.സ്‌കൂൾ പരിസരവും ക്ലാസ് മുറികളും ശുചിമുറികളും വൃത്തിയാക്കാൻ കുട്ടികളെ നിയോഗിക്കരുതെന്നും ആയവ അദ്ധ്യാപകരും രക്ഷകർതൃ പ്രതിനിധികളും വൃത്തിയാക്കേണ്ടതുമാണ്. അനാരോഗ്യകരമായ ഒരു സാഹചര്യവും സ്‌കൂളുകളിൽ ഇല്ലെന്നും അധ്യാപക രക്ഷാകർതൃ സംഘടനകളും സ്‌കൂൾ മാനെജ്‌മെന്റ് കമ്മിറ്റികളും ഉറപ്പുവരുത്തണം. ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് അതു ലഭ്യമാക്കിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.


എല്ലാ സ്‌കൂളുകളും ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സിബിഎസ്ഇ റീജനൽ ഓഫിസർമാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർമാരും ജില്ലാ കളക്റ്റർമാരും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർമാരും ഉറപ്പുവരുത്തണമെന്നും കമ്മിഷൻ നിർദേശിച്ചു.സ്‌കൂളിലെത്തുന്ന ഏതെങ്കിലും കുട്ടിക്കു പ്രത്യേകം സഹായമോ പരിഗണനയോ ആവശ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അധികൃതർ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർമാർക്ക് റിപ്പോർട്ട് ചെയ്യണം. മാതാപിതാക്കളിൽ നിന്ന് ഒറ്റപ്പെട്ട കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലേയ്ക്കു മാറ്റണമെന്ന് കമ്മിഷൻ് നേരത്തേ ഉത്തരവിട്ടിരുന്നു.വീടുകളുടെ അവസ്ഥ മെച്ചപ്പെടുന്നതു വരെ ക്യാംപുകളിലും സ്ഥാപനങ്ങളിലുമുള്ള കുട്ടികൾക്ക് അതതിടങ്ങളിൽ തുടരാൻ അനുമതി നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group