പ്രളയക്കെടുതി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം; അഞ്ഞൂറിലേറെ മലയാളികൾ നിരീക്ഷണത്തിൽ: നൂറിലേറെ പ്രവാസികളും കുടുങ്ങിയേക്കും
സ്വന്തം ലേഖകൻ
കൊച്ചി: പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിലെ ദുരിതങ്ങളെപ്പറ്റി വാട്‌സ്അപ്പിലും, മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴിയും വ്യാജ പ്രചാരണം നടത്തിയ അഞ്ഞൂറോളം വ്യക്തികൾ പൊലീസ് നിരീക്ഷണത്തിൽ. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഘങ്ങളെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസിലെ സൈബർ സെല്ലിന്റെയും, സൈബർ ഡോമിന്റെയും സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ പതിവിനു വിപരീതമായി ഇത്തരം വ്യാജപ്രചാരണം നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ വേണ്ട സഹായം വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളായ വാട്‌സ്അപ്പും, ഫെയ്‌സ്ബുക്കും കേരള പൊലീസിനു പിൻതുണക്കത്തും അയച്ചിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് കേരളത്തിൽ ആരംഭിച്ച ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിൽ വ്യാജ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ പത്തു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ചെങ്ങന്നൂരിൽ പ്രളയജലത്തിൽ അൻപതു പേർ മുങ്ങിക്കിടക്കുന്നതായും, ഇരുപത് പേർ മരിച്ചതായും വ്യാജ പ്രചാരണം നടത്തിയ ടിവി പുരം സ്വദേശിയെ കഴിഞ്ഞ ദിവസം പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുല്ലപ്പെരിയാർ ഡാം പൊട്ടിയതായും, കൊച്ചി മുങ്ങുമെന്നും പ്രചരിപ്പിച്ച ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ അടക്കം പതിനഞ്ചോളം ആളുകൾക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വ്യാജവ്യചാരണങ്ങൾ വ്യാപകമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് ഇതു സംബന്ധിച്ചു അന്വേഷണം നടത്താൻ നിർദേശം നൽകിയത്. ചെങ്ങന്നൂരിൽ ആളുകൾ മരിച്ചു കിടക്കുന്നു, മുല്ലപ്പെരിയാർ തകർന്നു, ദുതിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകരുത്, ഭക്ഷണത്തിൽ വീണാൽ നൂറു പേരെ കൊല്ലാൻ ശേഷിയുള്ള ഒച്ച് തുടങ്ങിയ ആയിരക്കണക്കിനു സന്ദേശങ്ങളാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ പലതിന്റെയും ഉറവിടം വിദേശ രാജ്യങ്ങളാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ പൊലീസ് സേനകളും, സൈബർ വിദഗ്ധരുമായി ബന്ധപ്പെടാൻ സംസ്ഥാന പൊലീസ് മേധാവി തന്നെ തയ്യാറായിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വാട്‌സ്അപ്പിനും കത്തെഴുതി. ഇവർ ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിശദാംശങ്ങളെല്ലാം അടുത്ത ആഴ്ച തന്നെ കേരള സൈബർ ഡോമിനു ലഭിച്ചേക്കും. വിദേശത്ത് ജോലി ചെയ്യുന്നവരാണെങ്കിൽ ഇവരുടെ കമ്പനിയിലേയ്ക്ക് മെയിൽ അയച്ച് ഇവരെ, ജോലിയിൽ നിന്നു പിരിച്ച് വിടാനും തിരികെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുമുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. ഇതുവഴി ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെപ്പറ്റി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനു പിന്നിൽ വിദേശത്ത് ജോലി ചെയ്യുന്ന നൂറിലധികം മലയാളികൾ ഉണ്ടെന്നാണ് സൂചന.