
സത്യം ബോധ്യപ്പെടുത്തുന്നതിൽ സന്തോഷം മാത്രം ; തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരാകുമെന്ന് കെ.ജലീൽ
സ്വന്തം ലേഖകൻ
കൊച്ചി: തിങ്കളാഴ്ച കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീൽ. മത ഗ്രന്ഥ വിതരണവുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത്. കെ ടി ജലീലിന്റെ ഗൺമാനെ കസ്റ്റംസ് ചോദ്യം ചെയ്തുവെന്നാണ് ഒടുവിലത്തെ വിവരം.
ഗൺമാന്റെ ഫോൺ ജലീൽ പലപ്പോഴും ഉപയോഗിച്ചെന്ന വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഗൺമാനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ജലീലിനോട് തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.
ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു. നയതന്ത്ര ബാഗേജ് വഴി നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുർആൻ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ.
ജലീൽ വിദേശ സംഭാവന നിയന്ത്രണചട്ടം ലംഘിച്ചെന്നും ആരോപണമുണ്ട്. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.
മതഗ്രന്ഥങ്ങൾക്ക് പുറമെ കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച് ജലീൽ വിതരണം ചെയ്തിരുന്നു.