
രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സിലെ പത്താംനമ്പർ മുറിക്ക് വാടക സ്ക്വയർ ഫീറ്റിന് 92.2 രൂപ ; 9912 സ്ക്വയർ ഫീറ്റ് കൈവശമുള്ള ജോസ്‌കോ ജൂവലറി നല്കുന്ന വാടക സ്ക്വയർ ഫീറ്റിന് 18.68 രൂപ മാത്രം ; നഗരസഭക്ക് നഷ്ടം പ്രതിമാസം ഏഴര ലക്ഷത്തോളം രൂപ; ജോസ്‌കോ ഉടമ പി.എ ജോസിനേയും നഗരസഭ സെക്രട്ടറിയെയും വൈസ് ചെയർപേഴ്‌സനേയും പ്രതിചേർത്ത് വാടകത്തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിനു പരാതി
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഷോപ്പിംഗ് കോപ്ലക്സിലെ കോടികളുടെ വാടക തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി; ജോസ്‌കോ ജുവലറി സ്ഥിതി ചെയ്യുന്ന കോട്ടയം നഗരമധ്യത്തിലെ രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താംനമ്പർ മുറിക്ക് സ്ക്വയർ ഫീറ്റിന് 92 രൂപ വാടക വാങ്ങുമ്പോൾ ബാക്കി 14 മുറികളും, കൃത്യമായി പറഞ്ഞാൽ 9912 സ്ക്വയർ ഫീറ്റ് കൈവശമുള്ള ജോസ്കോ ഗ്രൂപ്പ് നല്കുന്നത് സ്ക്വയർ ഫീറ്റിന് വെറും 18.68 രൂപയാണ്.ഒരു സ്ക്വയർ ഫീറ്റിൽ 73.52 രൂപയുടെ വ്യത്യാസം. വർഷം ഒരു കോടിക്കടുത്ത് വരും ഇത്. ഇത് കൂടാതെ എസ്.സി എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ട മുറി പോലും ജോസ്‌കോ ജുവലറി ഗ്രൂപ്പ് അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവർത്തകനായ എ.കെ ശ്രീകുമാർ വിജിലൻസിൽ പരാതി നൽകിയിരിക്കുന്നത്.
കോട്ടയം നഗരസഭ സെക്രട്ടറി എസ്.എസ് സജി, നഗരസഭ ധനകാര്യ സ്റ്റാൻഡിംങ് കൗൺസിൽ അധ്യക്ഷ സൂസൻ കുഞ്ഞുമോൻ, കഴിഞ്ഞ ഇരുപത് വർഷത്തോളം ഈ സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ, ജോസ്കോ ജൂവലറി ഉടമ പി എ ജോസ് എന്നിവർക്കെതിരെയാണ് പരാതി . 15 മുറികളിൽ ഒരു മുറിയ്ക്ക് 92 രൂപയും, ബാക്കി 14 മുറികൾക്കും 20 രൂപയിൽ താഴെ മാത്രവുമാണ് വാടകയായി ലഭിക്കുന്നത്. ഇതിലൂടെ മാത്രം 7.28 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രതിമാസം നഗരസഭയ്ക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ നഗരസഭയ്ക്ക് ഈ ഇനത്തിൽ മാത്രം നഷ്ടമായിരിക്കുന്നത് ഏതാണ്ട് 17 കോടി രൂപയിലേറെയാണ്. അതേ സമയം തൊട്ടടുത്ത ഊട്ടി ലോഡ്ജ് കെട്ടിടം മാസങ്ങൾക്കു മുൻപ് നഗരസഭ ലേലം ചെയ്തത് സ്‌ക്വയർ ഫീറ്റിന് 110 രൂപയ്ക്കാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ കൗൺസിലർമാരുടേയും ജീവനക്കാരുടെയും അധികാര ദുർവിനിയോഗം മൂലം വൻ നഷ്ടം നഗരസഭക്കും, അതുവഴി നികുതിദായകർക്കും വന്നു കൊണ്ടിരിക്കുകയാണ്.തുടർ കുറ്റകൃത്യമായി പരിഗണിക്കാവുന്ന അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം വിവരമറിഞ്ഞിട്ടും നടപടിയെടുക്കാത്ത കൗൺസിലർമാരും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ കുറ്റക്കാരാണ്.പൊതു സേവകർ എന്ന അധികാരം ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണിവർ.
നഗരസഭയ്ക്കും സംസ്ഥാന സർക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കുന്ന ഇടപാടിനു പിന്നിൽ നഗരസഭയിലെ കൗൺസിലർമാരും, ഉദ്യോഗസ്ഥരും, ജോസ്‌കോ ഗ്രൂപ്പ് ഉടമ പി.എ ജോസും തമ്മിലുള്ള രഹസ്യധാരണയാണ് എന്നാണ് എ.കെ ശ്രീകുമാറിന്റെ പരാതിയുടെ ഉള്ളടക്കം. ഈ സാഹചര്യത്തിൽ നഗരസഭയ്ക്കുണ്ടായ നഷ്ടം ഉത്തരവാദികളായവരിൽ നിന്നും ഈടാക്കണമെന്നും കെട്ടിടത്തിലെ പത്താം നമ്പർ മുറിയ്ക്ക് തുല്യമായ തുക മറ്റ് മുറികൾക്കും തുടർന്നു ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് എ.കെ ശ്രീകുമാർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.