
കോട്ടയത്ത് ജോസ് കെ.മാണി പോയാൽ; വടകരയിൽ കെ.കെ രമയെത്തും; ജോസ് കെ.മാണി പുറത്താകുമ്പോഴുള്ള ശക്തിക്ഷയം പരിഹരിക്കാൻ ടി.പി ചന്ദ്രശേഖരന്റെ വിധവയെയും പാർട്ടിയെയും മുന്നണിയിലെടുക്കാൻ യു.ഡി.എഫ്
തേർഡ് ഐ പൊളിറ്റിക്‌സ്
കൊച്ചി: മധ്യകേരളത്തിലെ നിർണ്ണായകമായ സ്വാധീന ശക്തിയായ കേരള കോൺഗ്രസ് എമ്മും ജോസ് കെ.മാണിയും മുന്നണിയ്ക്കു പുറത്തേയ്‌ക്കെന്നു ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിൽ കരുത്തുകൂട്ടാൻ പുത്തൻ തന്ത്രങ്ങളുമായി യു.ഡി.എഫ്. ജോസ് കെ.മാണി മുന്നണി വിടുമെന്നുറപ്പായ സാഹചര്യത്തിൽ ടി.പി ചന്ദ്രശേഖരന്റെ വിധവയായും, ഇദ്ദേഹത്തിന്റെ പാർട്ടിയുമായ ആർ.എം.പിയെ മുന്നണിയുടെ ഭാഗമാക്കാനാണ് ഇപ്പോൾ യുഡി.എഫ് ആലോചിക്കുന്നത്. വടകര നിയമസഭാ സീറ്റിൽ ആർ.എം.പിയെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിലെ ചില മുൻനിര നേതാക്കൾ തന്നെയാണ് ആർ.എം.പിക്ക് വടകര സീറ്റ് നൽകണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ആർ.എം.പിക്ക് നൽകുന്ന സീറ്റിൽ കെ.കെ രമ വടകരയിൽ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസ് നേതൃത്വം താത്പര്യപ്പെടുന്നത്. എന്നാൽ, സംസ്ഥാനസെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി താത്പര്യപ്പെടുന്നത് എന്നാണ് ആർ.എം.പി വൃത്തങ്ങൾ നൽകുന്ന സൂചന. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം മുന്നണികൾ തമ്മിൽ ഉണ്ടാകുമെന്നിരിക്കെ കെ.കെ രമ സ്ഥാനാർത്ഥിയായി വന്നാൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.കെ രമയെ സ്ഥാനാർത്ഥിയാക്കുക വഴി അക്രമ രാഷ്ട്രീയത്തിനെതിരെ മലബാറിലെ മണ്ഡലങ്ങളിൽ സി.പി.എമ്മിനെതിരെ പ്രചാരണം നടത്താമെന്നും കോൺഗ്രസ് ക്യാമ്പ് വിലയിരുത്തുന്നു. തൊട്ടടുത്തെ മണ്ഡലങ്ങളിൽ ഇത് ഗുണം ചെയ്തേക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. വടകര എം.പിയായ കെ മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമയെ മത്സരിപ്പിക്കുന്നതിനോട് എതിർപ്പില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പി.ജയരാജനെ വടകരയിൽ തോൽപ്പിക്കാൻ യു.ഡി.എഫിനെ ആർ.എം.പി പിന്തുണച്ചിരുന്നു.
സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമായിരുന്ന വടകര ലോക്‌സഭ സീറ്റിൽ 2009 മുതൽ യു.ഡി.എഫാണ് വിജയിക്കുന്നത്. എന്നാൽ, നിയമസഭ സീറ്റ് പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് ആർ.എം.പി -യു.ഡി.എഫ് ധാരണ വേണ്ടെന്ന് വച്ചത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.വേണു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 10,098 വോട്ടുകളാണ് അന്ന് നേടിയത്.
2016ൽ കെ.കെ രമ മത്സരിച്ചപ്പോൾ 20,504 വോട്ടുകൾ നേടി. ഇത്തവണ യു.ഡി.എഫിന്റെ പിന്തുണയോടെ കെ.കെ രമ മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ, യു.ഡി.എഫ് ലേബലിൽ മത്സരിച്ചാൽ വ്യക്തിപരമായും ആശയപരമായും ആക്രമണം നേരിടേണ്ടി വരുമെന്ന് ആർ.എം.പിയിലെ ഒരു വിഭാഗം കരുതുന്നു. എന്നാൽ, ബി.ജെ.പിയെയും സി.പി.എമ്മിനെയും എതിർക്കാൻ ബദൽ എന്ന നിലയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് ആർ.എം.പിയിലെ മറുവിഭാഗം വാദിക്കുന്നു.
പ്രത്യയശാസ്ത്രപരമായ യോജിപ്പ് കോൺഗ്രസിനോടില്ലെങ്കിലും താത്കാലിക അടവ് നയം ആർ.എം.പി സ്വീകിരിക്കാനുള്ള സാദ്ധ്യത ഏറെയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സീറ്റുകളിൽ ധാരണയുണ്ടാക്കാൻ ആർ.എം.പി-കോൺഗ്രസ് ചർച്ച സെപ്തംബറിൽ തന്നെ നടന്നേക്കുമെന്നും സൂചനയുണ്ട്.