video
play-sharp-fill
കനത്ത മഴയിൽ വ്യാപക നാശ നഷ്ടം: ഇടുക്കിയില്‍ രാത്രി ഗതാഗതം നിരോധിച്ചു; നിരോധനം രാത്രി 7 മുതൽ രാവിലെ ആറു വരെ

കനത്ത മഴയിൽ വ്യാപക നാശ നഷ്ടം: ഇടുക്കിയില്‍ രാത്രി ഗതാഗതം നിരോധിച്ചു; നിരോധനം രാത്രി 7 മുതൽ രാവിലെ ആറു വരെ

സ്വന്തം ലേഖകൻ

ഇടുക്കി: ജില്ലയില്‍ മഴ ശക്തമായതിനാൽ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇടുക്കിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കോട്ടയം, എറണാകുളം ജില്ലയില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.

അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കും. 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് കണക്കിലെടുത്താണ് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

ഇടുക്കി ജില്ലയില്‍ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതല്‍ ശക്തമായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2347 അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ 31 അടി കൂടുതലാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 58 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.

മൂന്നാറില്‍ ശക്തമായ മഴയില്‍ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഗ്യാപ്പ് ‌റോഡില്‍ വീണ്ടും മലയിടിച്ചില്‍ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാര്‍ പെരിയവരൈയില്‍ താല്‍ക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.