
സ്വന്തം ലേഖകൻ
കോട്ടയം: കേരള സംസ്ഥാന പോലീസ് മേധാവി കേരളത്തിലാകെ 75 പോലീസ് സ്റ്റേഷനുകളാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്.

ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പൊൻകുന്നം, പാലാ, എരുമേലി, ഏറ്റുമാനൂർ,കിടങ്ങൂർ, മണർകാട് എന്നീ സ്റ്റേഷനുകളും ശിശു സൗഹൃദ സ്റ്റേഷൻ നിലവാരത്തിലേക്കുയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് ഉദ്ഘാടന കർമ്മം നടത്തിയത്. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
അടുത്ത മൂന്ന് വർഷത്തിനകം സംസ്ഥാനത്തെ 482 പോലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങൾ സ്ഥാപിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക് ഭയരഹിതരായി സമയം ചെലവഴിക്കാൻ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങൾ, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുട്ടികളോട് സ്നേഹത്തോടെ പെരുമാറാൻ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അതേ മാനസികാവസ്ഥ തന്നെ സമൂഹത്തോടും കാണിക്കാനാവുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുതൽ എല്ലാ ജീവനക്കാരും കുട്ടികളോട് സ്നേഹത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിവരിച്ചു.
മാതാപിതാക്കൾ, അധ്യാപകർ, സമൂഹം എന്നിവരുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും അദൃശ്യമായ സുരക്ഷാവലയം തീർക്കുകയാണ് പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാൻമാരാക്കുക, കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന നീതിയുടെ കേന്ദ്രങ്ങളായി പോലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.
അതത് പ്രദേശങ്ങളിലെ കുട്ടികളിലേയ്ക്ക് എത്തിപ്പെടാനും അത്തരം കുട്ടികളുടെ മാനസികസംഘർഷങ്ങൾ മനസ്സിലാക്കി സമയോചിതമായ ഇടപെടലുകൾ നടത്താനും ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകൾക്ക് സാധിക്കും.







