
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ 100 കോടിയിലധികം രൂപയുടെ ഇൻഷ്വറൻസ് തുക വക മാറ്റി ദുരുപയോഗം നടത്തിയതായി പരാതി.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ഇൻഷ്വറൻസ് തുക വകമാറ്റിയതു സംബന്ധിച്ചും 2016 മുതല്‍ എച്ച്‌ഡിഎസ് മുഖാന്തിരം നടന്ന അനധികൃത നിയമനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി.
2020 മുതല്‍ 2026 മാർച്ച് വരെ സ്റ്റേറ്റ് ഹെല്‍ത്ത് അഷ്വറൻസ് മുഖേന പാവപ്പെട്ട രോഗികള്‍ക്ക് നല്‍കാൻ ഏകദേശം 350 കോടി രൂപ ലഭിച്ചതില്‍ നിന്ന് നൂറ് കോടിയിലധികം രൂപ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് എച്ച്‌ഡിഎസില്‍ അനധികൃതമായി നിയമിച്ച ദിവസവേതനക്കാർക്ക് ശമ്പളം നല്‍കാൻ ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചും മെഡിക്കല്‍ കോളജിലെ അനധികൃത നിയമനം സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യം ശക്തമാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ കോളജിലെ ചികിത്സക്ക് പാവപ്പെട്ടവർക്കും വൻതുക ആവശ്യമായി വരുന്നു. പണമില്ലാത്തതിനാല്‍ ചികിത്സ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നു.
ഇൻഷ്വറൻസ് സംബന്ധിച്ച് റിലയൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ 2020ല്‍ അവസാനിച്ച ശേഷമാണ് രോഗികള്‍ക്ക് ഇൻഷ്വറൻസ് തുക ലഭിക്കാതായത്.
അനധികൃതമായി രാഷ്ട്രീയ നിയമനം നേടിയവർക്ക് ശമ്പളം നല്‍കാൻ ഇൻഷ്വറൻസ് തുക വകമാറ്റിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എം. മുരളി പരാതിയില്‍ ആവശ്യപ്പെട്ടു.







