ചെന്നിത്തലയില്‍ ആത്മഹത്യ ചെയ്ത നവ ദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ്: മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശം
സ്വന്തം ലേഖകൻ
ആലപ്പുഴ: ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവർക്ക് പോസിറ്റീവായി തെളിഞ്ഞത്. ഇതോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ മാന്നാര്‍ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരേയും നിരീക്ഷണത്തിലാക്കും.
അതേസമയം ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇവര്‍ നാലുമാസമായി ചെന്നിത്തല മഹാത്മാ സ്‌കൂളിന് സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് രണ്ട് ആത്മഹത്യ കുറുപ്പുകളും കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നിത്തല തൃപ്പെരുന്തുറ കമ്യൂണിറ്റി ഹാളിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പന്തളം കുരമ്പാല ഉനം കോട്ടു വിളയില്‍ ജിതിന്‍(30), വെട്ടിയാര്‍ തുളസി ഭവനില്‍ ദേവികദാസ്(20) എന്നിവരെ മരിച്ച നിലയില്‍ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് വര്‍ഷം മുമ്പ് ജിതിനോടൊപ്പം ദേവിക ഒളിച്ചോടുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ ജിതിനെതിരെ പോക്‌സോ കേസ് എടുത്തിരുന്നു. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും വിവാഹ ശേഷം മാര്‍ച്ച് 18 ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയുമായിരുന്നു.