അടൂരിൽ മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പള്ളിക്ക് മുൻപിൽ ഉപേക്ഷിച്ച സംഭവം ; യുവതിയും കാമുകനും അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഇളമണ്ണൂർ : മൂന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയും കാമുകനും പൊലീസ് പിടിയിൽ. മരുതിമൂട് സെന്റ് ജോർജ് കാത്തലിക്ക് പള്ളിക്ക് മുൻപിലാണ് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർ എ.അജയ് (32), കുഞ്ഞിന്റെ അമ്മ മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂൺ 30നാണ് കുഞ്ഞിനെ പള്ളിക്ക് മുൻപിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് തുണിയിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിനെ കണ്ടത്.
ഇവർ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.
പള്ളിയുടെ മുൻപിലെ കാമറ പ്രവർത്തിക്കാത്തത് അന്വേഷണത്തിന് തടസമായി. തുടർന്ന് പത്തനാപുരം മുതൽ അടൂർ വരെയുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുൻപിൽ സ്ഥാപിച്ചിരുന്ന 45 കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായി കണ്ട വാഹനങ്ങൾ നിരീച്ച് വരികെയായിരുന്നു.
അർദ്ധരാത്രിയിൽ അജയ്യുടെ ഓട്ടോറിക്ഷ മാരൂർ ഭാഗത്തേക്ക് പോകുന്നതായുള്ള സി.സി ടിവി ദൃശ്യമാണ് കേസിന് സുപ്രധാന വഴിത്തിരിവായി മാറുന്നത്. ലിജയെ ഇന്നലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകനായ അജയ്യെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ആദ്യവിവാഹം വേർപിരിഞ്ഞ ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലായിരുന്നു പ്രസവം.
സംഭവത്തിൽ അടൂർ സി.ഐ യു.ബിജു, എസ്.ഐ അനൂപ്, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ റഷീദാ ബീഗം, സിവിൽ പൊലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്ത്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്.