play-sharp-fill
പക്ഷാഘാതത്തെ തുടർന്ന് അവശനിലയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധനെ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യപ്രവർത്തകരും അധികൃതരും എത്തിയത് പിറ്റേന്ന് ; ഭക്ഷണവും ചികിത്സയും കിട്ടാതെ കരിമണ്ണൂരിൽ വൃദ്ധന്റെ മരണം ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന്

പക്ഷാഘാതത്തെ തുടർന്ന് അവശനിലയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധനെ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യപ്രവർത്തകരും അധികൃതരും എത്തിയത് പിറ്റേന്ന് ; ഭക്ഷണവും ചികിത്സയും കിട്ടാതെ കരിമണ്ണൂരിൽ വൃദ്ധന്റെ മരണം ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ

തൊടുപുഴ: കൊറോണക്കാലത്ത് കേരളത്തിന്റെ ആരോഗ്യ മോഡൽ ലോകം മുഴുവൻ ചർച്ചയായി മാറുമ്പോഴാണ് ആരോഗ്യ കേരളത്തിന് നൊമ്പരമായി കരിമണ്ണൂർ പള്ളിക്കാമുറി അറയ്ക്കൽ ഋഷികേശൻ ആചാരിയുടെ മരണം.

ലോക് ഡൗൺ കാലത്തത് പക്ഷാഘാതംവന്ന 65 വയസ്സുള്ള അനാഥനായ ഋഷികേശൻ നായരുടെ മരണം ആഹാരവും സമയത്ത് ചികിത്സയും കിട്ടാതെയാണ്.രണ്ടുദിവസം മുമ്ബ് പക്ഷാഘാതംവന്ന് ഇദ്ദേഹത്തിന്റെ കൈ തളർന്നു. ലോക്ഡൗൺ ആയതിനാൽ തനിയെ ആശുപത്രിയിൽ പോകാനും കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃദ്ധന്റെ അവസ്ഥ നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടും കൃത്യസമയത്ത് വൈദ്യസഹായവും ഭക്ഷണവും ലഭ്യമാക്കാൻ അധികൃതരും തുനിഞ്ഞില്ല. വിവരം ചിലർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതിനെത്തുടർന്ന് ഒരു ദിവസത്തിന് ശേഷമാണ് ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് അധികൃതരും ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ടോടെ മരിക്കുകയായിരുന്നു.കേരളത്തിന്റെ ആരോഗ്യമേഖല ലോകത്തിന് തന്നെ മാതൃകയായി മാറുമ്പോഴാണ് ഋഷികേശൻ ആചാരിയുടെ ഈ മരണം നാടിന്റെ നൊമ്പരമായി മാറുന്നത്.

ഋഷികേശൻ ആചാരി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പാലിയേറ്റീവ് വിഭാഗത്തിൽനിന്ന് ഇടയ്ക്കിടെ ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വൃദ്ധപരിപാലന കേന്ദ്രത്തിലാക്കാൻ വാർഡ് മെമ്പറടക്കം ശ്രമിച്ചെങ്കിലും ലോക്ഡൗൺ തടസ്സമാവുകയായിരുന്നു.

നേരത്തെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂടെനിൽക്കാൻ ആരെയും ലഭിച്ചില്ലെന്ന് വാർഡംഗം ബിന്ദു റോബർട്ട് പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ലോക് ഡൗണിൽ ഇദ്ദേഹത്തിന് ആഹാരവും കിട്ടിയില്ലെന്നതാണ് ഉയരുന്ന മറ്റൊരു ആരോപണം. സമൂഹ അടുക്കള മുക്കിനും മൂലയ്ക്കുമുള്ള കേരളത്തിൽ എങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

വീട്ടിൽ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞിരുന്ന ആളെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അയൽവാസികൾ സമൂഹമാധ്യമങ്ങളിൽ ഇട്ട വിഡിയോ കണ്ട് പൊലീസും പഞ്ചായത്ത് അധികൃതരും എത്തി അറുപത്തഞ്ചുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിക്കുകയായിരുന്നു ഋഷികേശൻ ആചാരി.