മാസ്‌ക് ഇട്ടു ഫുൾ സെറ്റ് എന്ന് വിചാരിച്ച് നിൽക്കരുതെ…! മാസ്‌ക് ധരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ; മാസ്‌ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനാലിലേക്ക് എത്തിയതോടെ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ഏറുകയാണ്. വൈറസ് ബാധ തടയുന്നതിനായി ധാരാളം പേർ മാസ്‌കുകൾ ഉപയോഗിച്ച് വരികെയാണ്. എന്നാൽ മാസ്‌ക് ഉപയോഗിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലവിൽ ആളുകൾക്കിടയിലുണ്ട്. മാസ്‌ക് ധരിച്ചിട്ട് കാര്യമില്ലെന്ന് ചിലർ പറയുമ്പോൾ, സർജിക്കൽ മാസ്‌ക് അല്ല, എൻ95 ആണ് ഉപയോഗിക്കേണ്ടത് എന്നാണ് മറ്റ് പ്രചാരണം. ഏത് തരം മാസ്‌ക് ആണ് വാങ്ങേണ്ടത്? എങ്ങനെയാണ് മാസ്‌ക് ഉപയോഗിക്കേണ്ടത് എന്നെല്ലാം വ്യക്തമാക്കി ആരോഗ്യ പ്രവർത്തന ഷിംന അസീസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു.
ഫെയ്സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേയ്, വളരെ വളരെ ഇമ്പോർട്ടന്റ് ആയൊരു കാര്യം പറയാനുണ്ടേ…. നാട്ടിലുള്ള സകല മെഡിക്കൽ സ്റ്റോറിലും കയറിയിറങ്ങിയിട്ടും മാസ്‌ക് കിട്ടിയില്ലെന്ന് വെക്കൂ. ടെൻഷൻ ആകാതെ, ബെർതേ അങ്ങനെയൊരു കാര്യം സങ്കൽപ്പിക്കാനാ പറഞ്ഞത്… ഞെട്ടിയോ?
പേടിക്കണ്ട. മാസ്‌ക് എല്ലായെപ്പോഴും ആവശ്യമുള്ള സംഗതിയല്ല.
സർജിക്കൽ മാസ്‌ക് ധരിക്കേണ്ടത് നിങ്ങൾക്ക് മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ തുടങ്ങിയവ ഉണ്ടെങ്കിലോ നിങ്ങൾ കൊവിഡ് 19 സംശയിക്കുന്ന ഒരു വ്യക്തിയെ പരിപാലിക്കുന്ന ആളോ ആണെങ്കിൽ മാത്രമാണ്.
മാത്രമല്ല, ഇത്തരം ലക്ഷണങ്ങൾ ഇല്ലാത്തവർ മാസ്‌ക് ധരിക്കുമ്പോ ചെറിയ ഒരു കുഴപ്പവുമുണ്ട്. എന്താന്നറിയോ? ‘ഞങ്ങക്ക് യാതൊരു കുഴപ്പോം വരൂല, ഞങ്ങൾ മാസ്‌ക് ഒക്കെ ഇട്ടിട്ടുണ്ടല്ലോ’ എന്നൊരു അമിത സുരക്ഷാബോധം അവർക്ക് വന്നേക്കാം. അത് പുലിവാല് പിടിക്കാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ്.
എന്നാൽ പിന്നെ കുറച്ചൂടി ഉഷാറാക്കാം എന്ന് വിചാരിച്ചു N95 മാസ്‌ക് ഒക്കെയിട്ട് പുറത്തിറങ്ങാം എന്നാണോ? ഈ മാസ്‌ക് പൊതുജനങ്ങൾക്ക് ആവശ്യമില്ല. മാത്രമല്ല, എൻ 95 മാസ്‌ക് പൊതുജനങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് അപകടകരമാവാം.
ഇനിയിപ്പോ നിങ്ങൾ സർജിക്കൽ മാസ്‌ക് ഉപയോഗിക്കുന്നോർ ആണെങ്കിൽ അതെങ്ങനെ ശരിക്ക് ഉപയോഗിക്കണം എന്നും എങ്ങനെ, എവിടെ കളയണം എന്നും അറിയാണ്ട് പറ്റൂല. മാസ്‌ക് ധരിക്കുന്നതിനു മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ചോ അതല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ് ഉപയോഗിച്ചോ കൈ നന്നായി വൃത്തിയാക്കാൻ മറക്കല്ലേട്ടാ. വെരി ഇമ്പോർട്ടന്റേ…
മാസ്‌ക് കൊണ്ട് വായും മൂക്കും നന്നായി മൂടിയിട്ടുണ്ടെന്നും മുഖത്തിനും മാസ്‌കിനും ഇടയിൽ ഗ്യാപ് ഒന്നും ഇല്ലാന്നും ഉറപ്പ് വരുത്തണം. മൂക്കിനു മുകളിലായി മാസ്‌ക് ഉറപ്പിച്ചു നിർത്താനുള്ള ക്ലിപ് അമർത്തി വയ്ക്കാനും മറക്കണ്ട.
മാസ്‌ക് മാത്രം ഇട്ടു ‘ ഫുൾ സെറ്റ്’ എന്ന് വിചാരിച്ച് നിൽക്കല്ലേ.. മാസ്‌കിന്റെ ശരിയായ ഉപയോഗത്തിനൊപ്പം കൂടെ കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ അതല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചു കൃത്യമായ രീതിയിൽ കൈ വൃത്തിയാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
മാസ്‌ക് ധരിച്ചു കഴിഞ്ഞാൽ ‘ഇജ്ജ് അവിടെ തന്നെ ഉണ്ടോ ചങ്ങായി?’ എന്ന മട്ടിൽ ഇടക്കിടക്ക് അത് തൊട്ടും തോണ്ടീം നോക്കേണ്ട. അതെങ്ങോട്ടും ഇറങ്ങി പോകൂലാന്ന്. അഥവാ മാസ്‌കിന്റെ മുൻവശം തൊട്ടു പോയാൽ കൈ സോപ്പും വെള്ളവും ഉപയോഗിച്ചോ ഹാൻഡ്‌റബ് ഉപയോഗിച്ചോ വൃത്തിയാക്കുക. ബൈ ദി വേ, ഹാൻഡ് സാനിറ്റൈസരും ഹാൻഡ്‌റബ്ബും ഏതാണ്ട് സെയിം സെയിം ആണേ… നമുക്ക് സ്‌നേഹം തോന്നുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി വിളിക്കാം.
സർജിക്കൽ മാസ്‌ക് കൂടുതൽ സമയം ഉപയോഗിച്ച് നനഞ്ഞിരിക്കുന്നതായി തോന്നിയാൽ ഉടൻ അത് മാറ്റുക. ഒരു കാരണവശാലും ഒറ്റ പ്രാവശ്യം ഉപയോഗിക്കേണ്ട മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്.
ആ പിന്നേ, മാസ്‌ക് വലിച്ചു പറിച്ച് എങ്ങോട്ടേലും എറിയാനൊന്നും പാടില്ല. മാസ്‌കിന്റെ മുൻവശത്ത് തൊടാതെ ആ വള്ളിയിലോ ബാന്റിലോ പിടിച്ച് അഴിക്കുക. അടപ്പുള്ള ഒരു വേസ്റ്റ് ബാസ്‌ക്കറ്റിൽ നിക്ഷേപിക്കുക. ഇത് ചെയ്ത പാടെ കൈകൾ വീണ്ടും സോപ്പ്/ഹാൻഡ്‌റബ് ഉപയോഗിച്ചു വൃത്തിയാക്കുക.
അപ്പോ, മാസ്‌ക് ഉപയോഗിക്കുന്നോർക്ക് കാര്യങ്ങളെല്ലാം തിരിഞ്ഞല്ലോ, ലേ…
Dr. Shimna Azeez
കടപ്പാട്: കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങ