സുസുകിയും ടൊയോട്ടയും ഒരു  കുടക്കീഴിലേക്ക്

സുസുകിയും ടൊയോട്ടയും ഒരു കുടക്കീഴിലേക്ക്

കോട്ടയം : സുസുകി മോട്ടോര്‍ കോര്‍പറേഷന്‍, ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ എന്നിവ ആഗോളാടിസ്ഥാനത്തില്‍ കൈകോര്‍ക്കുന്നു. ഇന്ത്യയിലെ സഹകരണം കൂടുതല്‍ വിപുലമാക്കുന്നതോടൊപ്പം യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കും വ്യാപിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
ഇന്ത്യയില്‍ ബലെനോ, സിയാസ്, എര്‍ട്ടിഗ, ബ്രെസ എന്നീ മോഡലുകള്‍ ടൊയോട്ടയ്ക്കു വേണ്ടിയും മാരുതി സുസുക്കി നിര്‍മിച്ചു നല്‍കും. 2022 മുതല്‍ ബ്രെസയുടെ ടൊയോട്ട പതിപ്പ് ടൊയോട്ട ഇന്ത്യയില്‍ നിര്‍മിക്കുകയും ചെയ്യും. ടൊയോട്ട കൊറോള സെഡാന്‍ മാരുതിക്കും നല്‍കുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു.
ടൊയോട്ട സുസുകിക്ക് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഹൈബ്രിഡ് ഇലക്‌ട്രിക് വാഹന സാങ്കേതിക വിദ്യ കൈമാറും.
ഇന്ത്യയില്‍നിന്നു തന്നെ ഹൈബ്രിഡ് ഘടകങ്ങളും എന്‍ജിനുകളും ബാറ്ററികളും ലഭ്യമാക്കാവുന്ന രീതിയിലായിരിക്കും ഇത്.