
തമിഴ്നാട്ടിൽ നിന്ന് കാണാതായ യുവതി കേരളത്തിൽ എവിടെയോ ഉണ്ടന്ന് തമിഴ്നാട് പോലീസ്: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യുവതിക്കുവേണ്ടി തെരച്ചിൽ ഊർജിതമാക്കി: കാണാതാകുന്നതിനു മുൻപ് ആശ്രമം തുടങ്ങാൻ വീട്ടുകാരോട് പണം ആവശ്യപ്പെട്ടു യുവതി
പത്തനംതിട്ട: പതിനൊന്ന് വർഷം മുമ്പ് തമിഴ്നാട്ടിലെ കരുമത്താംപട്ടിയില്‍ നിന്നും കാണാതായ യുവതിക്കായി കേരളത്തില്‍ അന്വേഷണം ഊർജ്ജിതം.
കോയമ്പത്തൂരിലെ കരുമത്താംപട്ടിയില്‍നിന്നു കാണാതായ ധരിണി (38)യെ തേടി കേരളത്തിലെ വിവിധ ജില്ലകളില്‍ അന്വേഷണം നടത്തുകയാണ് തമിഴ്നാട് പൊലീസിന്റെ സിബിസിഐഡി വിഭാഗം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യുവതിയെ തേടിയ അന്വേഷണ സംഘം ഇപ്പോള്‍ കോഴിക്കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ധരിണി കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലുണ്ടെന്ന സൂചനയിലാണ് അന്വേഷണം കോഴിക്കോട്ടേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
2014 സെപ്റ്റംബർ 17നാണ് ധരിണിയെ കാണാതായത്. കരുമത്താംപട്ടിയിലെ വീട്ടില്‍നിന്നാണ് യുവതിയെ കാണാതായത്. എഞ്ചിനീയറായ ധരിണി വിവാഹ ശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയിരുന്നു. അമേരിക്കയില്‍ ഗ്രീൻ കാർഡ് ഉള്‍പ്പെടെ സ്വന്തമാക്കിയെങ്കിലും വൈകാതെ ഇന്ത്യയിലേക്ക് മടങ്ങി. അമ്മയ്ക്കു സുഖമില്ലെന്നു കള്ളം പറഞ്ഞാണ് ധരിണി വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഭർത്താവിനൊപ്പം കഴിയാൻ ആഗ്രഹമില്ലെന്നായിരുന്നു ധരിണി അമ്മയോട് പറഞ്ഞത്.
ആത്മീയതയാണ് തന്റെ മാർഗമെന്ന് പറഞ്ഞ യുവതി ആശ്രമം സ്ഥാപിക്കാൻ അമ്മയോട് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അമ്മ പണം നല്‍കാൻ കൂട്ടാക്കിയില്ല. പൂർവിക സ്വത്ത് ഭാഗം വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രക്ഷിതാക്കള്‍ അതിനും തയ്യാറായില്ല. ഇതോടെയാണ് ധരിണി വീട്ടില്‍നിന്നു പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ്പോർട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വീട്ടില്‍ വച്ചായിരുന്നു ധരിണി പോയത്. അമ്മയുടെ പരാതിയില്‍ അന്ന് കോയമ്പത്തൂർ കരുമത്താംപട്ടി പൊലീസ് കേസെടുത്തിരുന്നു. കാണാതായി അഞ്ച് മാസത്തിനു ശേഷമാണ് ധരിണിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. ഇതിനിടെ ധരിണിയുടെ മാതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി, കേസില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് തമിഴ്നാട് പൊലീസിനോടു നിർദേശിച്ചു. ഇതിനെ തുടർന്നാണ് 2023ല്‍, കേസ് ലോക്കല്‍ പൊലീസില്‍നിന്ന് സിബിസിഐഡി വിഭാഗത്തിന് കൈമാറിയത്.
സിബിസിഐഡി നടത്തിയ അന്വേഷണത്തില്‍, 2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരില്‍ നിന്നു പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി കണ്ടെത്തി. കംപ്യൂട്ടർ എൻജിനീയറിങ്ങില്‍ ബിരുദമുള്ള ധരിണിക്ക് നിരവധി മെയില്‍ ഐഡികള്‍ ഉണ്ടെന്നും സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഈ മെയില്‍ ഐഡികളില്‍ ഒന്ന് ട്രാക്ക് ചെയ്തപ്പോഴാണ് യുവതി കേരളത്തിലുണ്ടെന്ന് അറിഞ്ഞത്. ഈ മെയില്‍ ഐഡിയില്‍നിന്ന് കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി അപേക്ഷിച്ചിരുന്നു. ഐപി അഡ്രസില്‍ നിന്ന് പത്തനംതിട്ടയിലെ ലൊക്കേഷനാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ പത്തനംതിട്ടയില്‍ എത്തിയതിനു ശേഷം ഈ മെയില്‍ ഐഡി ഉപയോഗിച്ചിട്ടില്ല.
സിബിസിഐഡി അന്വേഷണത്തിനിടെ, ഈ മെയില്‍ ഐഡിയില്‍ 2022ല്‍ ലോഗിൻ ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. എന്നാല്‍ പാസ്‌വേഡ് കൃത്യമല്ലാത്തതിനാലും മെയിലില്‍ റജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പർ ധരിണിയുടെ കൈവശം ഇല്ലാത്തതിനാലും ലോഗിൻ ചെയ്യാൻ സാധിച്ചില്ല. ഈ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സിബിസിഐഡി അന്വേഷണം നടത്തിയത്.
ധരിണിയെ കോഴിക്കോട്ട് രാമനാട്ടുകരയില്‍ കണ്ടെന്ന സൂചന ലഭിച്ചതോടെയാണ് രാമനാട്ടുകര കേന്ദ്രീകരിച്ചും തമിഴ്നാട് സിബിസിഐഡി അന്വേഷണം നടത്തുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നയാളാണ് ധരിണി. ആരാധനാലയങ്ങള്‍ സന്ദർശിക്കുന്നതിലും യുവതി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ രാമനാട്ടുകരയിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപം യുവതി ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പ്രദേശത്തെ സ്കൂളുകളിലോ കോളജുകളിലോ ട്യൂഷൻ സെന്ററുകളിലോ ധരിണി ജോലി ചെയ്യാൻ സാധ്യതയുള്ളതായും സിബിസിഐഡി വിഭാഗം കരുതുന്നുണ്ട്. യുവതിയെ കുറിച്ച് വിവരം നല്‍കുന്നവർക്ക് പാരിതോഷികം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.