
കോട്ടയത്ത് കോൺഗ്രസിലെ ഗ്രൂപ്പുകൾക്കുള്ളിൽ കുറുമുന്നണി: ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോൺഗ്രസിലെ ഉന്നതന്റെ നേതൃത്വത്തിൽ കുറുമുന്നണി; പഴയ ഡി.ഐ.സിക്കാരും കുറുമുന്നണിയുമായി സജീവം
തേർഡ് ഐ പൊളിറ്റിക്‌സ്
ചങ്ങനാശേരി: കോട്ടയത്ത് ഉമ്മൻചാണ്ടി ഗ്രൂപ്പിൽ പൊട്ടിത്തെറിയും വിഴുപ്പലക്കലും. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കുള്ളിൽ കുറുമുന്നണി രൂപപ്പെട്ടതോടെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും ജില്ല കീറാമുട്ടിയായി. ഏറ്റവും ഒടുവിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ തൃക്കൊടിത്താനത്ത് കോൺഗ്രസ് ഭാരവാഹി രാജി വയ്ക്കുകയും, ഐഎൻടിയുസിയിലെ ഒരു വിഭാഗം പരസ്യമായി പാർട്ടിയ്‌ക്കെതിരെ നാമനിർദേശ പത്രിക സമർപ്പിക്കുകയും കൂടി ചെയ്തതോടെയാണ് കോൺഗ്രസ് നേതൃത്വത്തിലെ പൊട്ടിത്തെറികൾ പരസ്യമായത്.
യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും, തൃക്കൊടിത്താനത്തെ എഗ്രൂപ്പുകാരനും, ഡി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ സനൽ മാടപ്പാട് ആണ് പാർട്ടി വിട്ടത്. പാർട്ടിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തൃക്കൊടിത്താനത്ത് റിബൽ സ്ഥാനാർത്ഥിയായി സനൽ എത്തുമെന്നാണ് സൂചന ലഭിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിയ്ക്കുള്ളിലുണ്ടായിരുന്ന തർക്കങ്ങളും വാക്കേറ്റവുമാണ് ഇപ്പോൾ ഇയാളുടെ രാജിയിൽ കലാശിച്ചതെന്നാണ് ഉയരുന്ന വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ സീറ്റ് നിർണ്ണയത്തിലുണ്ടായ പൊട്ടിത്തെറികളുടെയും തർക്കങ്ങളുടെയും തുടർച്ചയാണ് ഇപ്പോൾ തൃക്കൊടിത്താനത്ത് ഉണ്ടായിരിക്കുന്നത്. ഉമ്മൻചാണ്ടിയും, തിരുവഞ്ചൂരും കെ.സി ജോസഫും നേതൃത്വം നൽകുന്ന എ ഗ്രൂപ്പാണ് ജില്ലയിൽ ഇപ്പോൾ ശക്തമായുള്ളത്. ഈ ഗ്രൂപ്പിനുള്ളിൽ തന്നെ ജില്ലയിലെ തല മുതിർന്ന ഉന്നത എ ഗ്രൂപ്പ് നേതാവിന്റെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രശ്‌നങ്ങൾക്കു കാരണമായിരിക്കുന്നത്.
ഇതിനിടെ ഐ ഗ്രൂപ്പിലെ പഴയ ഡിഐസിക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. ജോസഫ് വാഴയ്ക്കനും, ഫിലിപ്പ് ജോസഫുമാണ് ജില്ലയിൽ ഐ ഗ്രൂപ്പിനു നേതൃത്വം നൽകുന്നത്. എന്നാൽ, ഇവർക്കു ജില്ലയിൽ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇതോടെയാണ് ജില്ലയിലെ ഐ ഗ്രൂപ്പിനുള്ളിലും വിള്ളൽ വീണത്.