
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കൊറിയർ സ്ഥാപനത്തിൽ എത്തിയത് നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ; കേസിൽ യുവാവ് അറസ്റ്റിൽ; ഇയാളിൽനിന്ന് 61 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കൊറിയറിലെത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ശ്രീകാര്യം പൗഡികോണത്തെ കൊറിയർ സ്ഥാപനത്തിൽ ബംഗളൂരുവിൽ നിന്ന് എത്തിച്ച 61 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.
തിരുമലയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശിയായ മുജാഹിദ് മൻസുദി (40) ആണ് പിടിയിലായത്. കൊറിയർ വഴി പുകയില ഉൽപ്പന്നങ്ങളും മറ്റും എത്തുന്നതായി വിവരം ലഭിച്ച പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് വരികയായിരുന്നു.
ഇന്നലെ പൗഡികോണത്തെ കൊറിയർ സ്ഥാപനത്തിൽ മുജാഹിദിൻ്റെ പേരിൽ നാല് ചാക്കുകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിയതായി പൊലീസ് മനസ്സിലാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിലെത്തി പാർസൽ വാങ്ങി പോകാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. മുൻപും പല തവണ ഇത്തരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.