
സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനിടെ ജീവനക്കാര്‍ക്ക് നേരേ ആക്രമണം ; രണ്ട് യുവാക്കൾ അറസ്റ്റില്‍
കോഴിക്കോട് : സാമൂതിരി ഹയർസെക്കൻഡറി സ്കൂളില്‍ വാർഷികാഘോഷ പരിപാടിക്കിടെ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ്ചെയ്തു.
കോഴിക്കോട് പുതിയപാലം സ്വദേശികളായ റദുല്‍, അക്ഷയ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും വൈകീട്ടോടെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. ഭീഷണിപ്പെടുത്തല്‍, ശാരീരികമായി കൈയേറ്റം ചെയ്യല്‍, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ ഉള്‍പ്പെടെ ആറു വകുപ്പുകളിലാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച നടന്ന വാർഷികാഘോഷ പരിപാടിക്കിടെ വൈകീട്ട് അഞ്ചിനാണ് ഇരുവരും സ്കൂള്‍ കോമ്ബൗണ്ടില്‍ കയറി ജീവനക്കാരെ മർദിച്ചത്. സ്കൂളിന് പുറത്തുനിന്നുള്ള ഇരുവരും പ്രവേശിച്ചതോടെ പരിപാടി അലങ്കോലമായി. സെക്യൂരിറ്റിയും അധ്യാപകരും ചേർന്ന് ഇരുവരോടും പുറത്തിറങ്ങാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ വാക്കുതർക്കം കയ്യാങ്കളിയായി മാറി. തീർത്തു കളയുമെന്ന് യുവാക്കള്‍ ഭീഷണി മുഴക്കി. സംഗതി വഷളായതോടെ കസബ പോലീസ് സ്കൂളിലെത്തി. ചുറ്റും പോലീസ് നില്‍ക്കെയും അധ്യാപകർക്ക് നേരെ അസഭ്യംപറയുകയും വധഭീഷണി മുഴക്കുകയുംചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിഎ പ്രസിഡന്റ് വിജയൻ, സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രൻ, ഓഫീസ് പ്രതിനിധി സഞ്ജു എന്നിവർക്കാണ് മർദനമേറ്റത്. മൂന്നുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
അക്രമം നടത്തിയവർ സ്കൂളിലെ വിദ്യാർഥികള്‍ക്ക് ലഹരി വിതരണം ചെയ്യുന്നതായി സംശയമുണ്ടെന്ന് പിടിഎ പ്രസിഡണ്ട് വിജയൻ പറഞ്ഞു.