
കട്ടപ്പനയിൽ അവിവാഹിതയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കൊല നടത്തിയത് ശ്വാസംമുട്ടിച്ച്; യുവതിയുടെ കാമുകനായ ബാങ്ക് ജീവനക്കാരന് കൊലപാതകുമായി ബന്ധമില്ലെന്ന് പൊലീസ്; അമ്മ അറസ്റ്റില്‍
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പനയിൽ ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ് (27) ആണ് അറസ്റ്റിലായത്. പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കൈയും തുണിയും ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. –
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്കും ഹോസ്റ്റലിലെ സഹവാസികള്‍ക്കും അറിയില്ലായിരുന്നു. യുവതി ഗര്‍ഭാവസ്ഥ മറച്ചുവച്ച് ജോലിക്കും പോയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രസവ വേദനയെ തുടര്‍ന്ന് യുവതി ഹോസ്റ്റല്‍ മുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് യുവതി തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ആളുകള്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
പ്രസവത്തോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയത്. ആരോഗ്യനില വഷളായ യുവതിയെ ഉടന്‍ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഡിവൈ.എസ്.പി എന്‍.സി.രാജ്മോഹന്‍, എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സന്‍, എസ്.ഐ സന്തോഷ് സജീവ്, എ.എസ്.ഐ സജി തോമസ്, സി.പി.ഒമാരായ പ്രീതി, റഫിയ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.