റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാലനായി: അച്ഛനും ഒരു വയസുകാരനും ദാരുണാന്ത്യം

റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാലനായി: അച്ഛനും ഒരു വയസുകാരനും ദാരുണാന്ത്യം

സ്വന്തം ലേഖകൻ
പാലാ: റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാലനായതോടെ അച്ഛനും ഒരു വയസുകാരനും ദാരുണാന്ത്യം. റോങ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പാലാ കടനാട് സ്വദേശി ജിൻസ് (36), മകൻ ഒരു വയസുകാരൻ അഗസ്‌റ്റോ എന്നവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വല്യാട്ട് നിന്ന് കടനാട് ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു കുടുംബം. ഈ സമയം കടനാടിനു സമീപം റോങ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ലോറി. ഈ ലോറി പാർക്ക് ചെയ്തത് അറിയാതെ എത്തിയ ഓട്ടോറിക്ഷ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഗസ്റ്റോ തല്ക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ജിൻസിനെയും, ഭാര്യയെയും കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിൻസും മരിച്ചിരുന്നു.
മേലുകാവ് പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.