
ശാരീരിക അടുപ്പമില്ലാതെ ഭാര്യക്ക് മറ്റ് പുരുഷന്മാരോടുള്ള അടുപ്പവും പ്രണയവും അവിഹിതമെന്ന് പറയാനാകില്ല ; ഇതിന്‍റെ പേരില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാതിരിക്കാനാകില്ലെന്നും കോടതി
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരോടുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.
ഭര്‍ത്താവിനെ കൂടാതെ മറ്റ് പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം ആ ബന്ധത്തെ അവിഹിതമെന്ന് പറയാനാകില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്‍റെ പേരില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാതിരിക്കാനാകില്ല എന്നും ജസ്റ്റിസ് ജി എസ് അഹ്ലുവാലിയ വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.
മറ്റൊരു പുരുഷനുമായി ഭാര്യ പ്രണയത്തിലാണ് എന്ന പരാതിയുമായി കുടുംബ കോടതിയിലെത്തിയ യുവാവിന്‍റെ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വൈകാരികമായി അടുപ്പം ജാരവൃത്തിയല്ല, ശാരീരിക ബന്ധത്തിന് തെളിവില്ലാത്ത പക്ഷം ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് പറയാനാകില്ല എന്നും വ്യക്തമാക്കിയാണ് യുവാവിന്‍റെ പരാതി കോടതി തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതീയ നാഗരിക സംഹിതയുടെ 144(5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125(4) വകുപ്പ് പ്രകാരവും ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന യുവാവ് ജീവനാംശമായി മാസത്തില്‍ 4000 രൂപ നല്‍കി വരുന്നുണ്ട്. ഒരു മാസത്തെ തന്റെ വരുമാനം എട്ടായിരം രൂപ മാത്രമാണ്, അതില്‍ ഹിന്ദു മാര്യേജ് ആക്ടിലെ 24-ാം വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125-ാം വകുപ്പ് പ്രകാരവും നാലായിരം രൂപ ഭാര്യയ്ക്ക് നല്‍കുന്നുണ്ട് എന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്. വരുമാനം മുഴുവന്‍ ഇങ്ങനെ തീരുകയാണ് എന്നതായിരുന്നു യുവാവിന്‍റെ പ്രധാന പരാതി.
ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്നയാളാണ് യുവാവ്. ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ശമ്ബള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സര്‍ട്ടിഫിക്കറ്റില്‍ സ്ഥലവും തീയതിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ട്. അവര്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട് എന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിനും തെളിവുകള്‍ ഹാജരാക്കാന്‍ യുവാവിനായില്ല. ഇതോടെയാണ് പരാതി തള്ളിയത്.