
കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ സംഭവം: യുവതിക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു; കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും; പ്രതികൾ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് വൈകും
ആലപ്പുഴ: ആലപ്പുഴയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും. തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു.
അതേസമയം, പ്രതികൾ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തുന്നത് വൈകും. പിടിയിൽ ആയ ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയത് ദുബായ്, ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം.
ഇതിൽ ഒരാൾ ലഹരിക്കേസുകളിൽ മുൻപും അറസ്റ്റിൽ ആയിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്സൈസ് തേടുന്നത്. പിടിയിൽ ആകുമ്പോൾ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തസ്ലീമയ്ക്ക് മറ്റൊരു യുവതിയാണ് കാർ വാടകയ്ക്ക് എടുത്തു നൽകിയതെന്നാണ് സംശയം. കർണാടക അഡ്രസ്സ് ഉള്ള മഹിമ എന്നപേരിലാണ് വാഹനം വാടകയ്ക്ക് എടുത്തത്. തസ്ലിമ മറ്റാരുടെയെങ്കിലും ആധാർ കാർഡ്, ലൈസൻസ് എന്നിവ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണോ എന്നും എക്സൈസ് സംശയിക്കുന്നു. താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിയെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂ.
ഇവരിൽ രണ്ട് താരങ്ങളുമായുള്ള ചില വാട്സപ് ചാറ്റുകൾ എക്സൈസിന്റെ പക്കൽ ഉണ്ട്. ഡിലീറ്റ് ചെയ്തവ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനാകും. പരിശോധന ഫലം ലഭിക്കാൻ പരമാവധി 10 ദിവസം വരെ സമയമെടുത്തേക്കും.
ഇതിനിടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരശേഖരണം നടത്താനും നീക്കമുണ്ട്. കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് പിടിച്ചെടുത്തത് എന്നതിനാൽ കേസ് ഉന്നത ഉദ്യോഗസ്ഥന് ഉടൻ കൈമാറും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.