വാളയാറിൽ വൻ കഞ്ചാവ് വേട്ട; തമിഴ്‌നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തിയ അറുപത്തിമൂന്ന് കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
സ്വന്തം ലേഖകൻ
വാളയാർ : പാസഞ്ചർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന അറുപത്തിമൂന്ന്കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ വാളയാർ അതിർത്തിയിൽ നിന്നും പിടികൂടി.
തമിഴ്‌നാട് , തേനി സ്വദേശികളായ ജയശീലൻ ( 36)കാദർ (36)ഓട്ടോ ഡ്രൈവർ ഈറോഡ് സ്വദേശി കേശവൻ (36)എന്നിവരാണ് അസ്റ്റിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് 63 ലക്ഷം രൂപ വില വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈറോഡ് ജില്ലയിലെ പെരുന്തുറയിൽ നിന്നും പാസഞ്ചർ ഓട്ടോറിക്ഷയിലാണ് കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ ഇടപാടുകാർക്ക് കൈമാറുവാൻ നിൽക്കുന്ന സമയം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഓട്ടോറിക്ഷയും, കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ള ഇടനിലക്കാർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.ആന്ധ്രയിൽ നിന്നും ലോഡുകണക്കിന് കഞ്ചാവാണ് തമിഴ്‌നാട്ടിൽ സൂക്ഷിച്ച് കേരളത്തിലേക്ക് കടത്തുന്നത് .കമ്പം, തേനി, ഒട്ടൻഛത്രം , പഴനി, പെരുന്തുറൈ, ദിണ്ടിഗൽ. തിരുപ്പൂർ എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് വില്പന നടത്തി വരുന്നത്.
പ്രതികളെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.വാളയാർ ഇൻസ്‌പെക്ടർ കെ.സി. വിനു , സബ് ഇൻസ്‌പെക്ടർ ജിംസൺ വർഗീസ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ജലീൽ, റ്റി.ആർ സുനിൽ കുമാർ, റഹിം മുത്തു, ആർ. കിഷോർ, സൂരജ് ബാബു, കെ.അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ, ദിലീപ്, ഷനോസ്, വാളയാർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഇ.അനിൽകുമാർ, എസ്.സി.പിഒമാരായ എം. മണികണ്ഠൻ, എൻ. ഷിബു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.