
ഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ഇന്നലെ നടന്ന വാദത്തില്‍ മൂന്ന് പ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നല്‍കിയിരുന്നു.
നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു സ്ഥാപനങ്ങളില്‍ മുസ്ലിംങ്ങളെ ഉള്‍പ്പെടുത്തുമോ എന്ന് ചോദിച്ച കോടതി, വഖഫ് കൗണ്‍സിലില്‍ എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവർ മുസ്ലിംങ്ങള്‍ തന്നെയാകണം എന്ന നിലപാടെടുത്തു.
തർക്കങ്ങളില്‍ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാല്‍ വഖഫ് സ്വത്തിന്‍റെ സ്വഭാവം കേസില്‍ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.







