വോട്ടെടുപ്പിന്റെ തലേന്ന് കൊവിഡായാലും തപാൽ വോട്ട് ചെയ്യാം; നടപടികൾ ആരംഭിക്കുക പത്തു ദിവസം മുൻപ്; കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘടകങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചാണ് തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്നത്. കൊവിഡ് കാലത്ത് യാതൊരു പ്രശ്‌നവുമുണ്ടാകാതെ നടത്താനുള്ള അതിസൂക്ഷ്മമായ നടപടികളാണ് ഉണ്ടാകുന്നത്.

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുളളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം. ഇതിനായുളള മാർഗനിർദേശം പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുളളവർക്കും വോട്ടെടുപ്പിന് തലേദിവസം മൂന്ന് മണി വരെ പൊസിറ്റീവാകുന്നവർക്കും തപാൽ വോട്ട് ചെയ്യാമെന്നാണ് മാർഗനിർദേശത്തിലുളളത്.

ഈ പട്ടികയിൽ പേര് വന്നാൽ രോഗം മാറിയാലും തപാൽ വോട്ട് തന്നെയായിരിക്കും. പത്ത് ദിവസം മുമ്പ് ഇതിനായുളള നടപടി ക്രമങ്ങൾ തുടങ്ങും. രോഗം മൂലം മറ്റ് ജില്ലകളിൽ കുടുങ്ങി പോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കാം.

തദ്ദേശ തിരഞ്ഞെടുപ്പിന് നേരിട്ടെത്തി വോട്ട് ചെയ്യുന്ന കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും പോളിംഗ് ബൂത്തിലേക്കുളള യാത്രയ്ക്കിടെ വഴിയിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇക്കാര്യം നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. വഴിയിൽ ഇറങ്ങിയാൽ നടപടിയുണ്ടാകും.

വോട്ടെടുപ്പിന് തലേന്ന് ഉച്ചയ്ക്ക് മൂന്നിന് ശേഷം കൊവിഡ് ബാധിതരുടെയോ നിരീക്ഷണത്തിൽ കഴിയുന്നവരുടെയോ പട്ടികയിൽ ഉൾപ്പെടുന്നവർക്കാണ് അവസാനത്തെ ഒരു മണിക്കൂർ (വൈകിട്ട് 5 മുതൽ 6 വരെ) നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയുക. അതിനു മുമ്പ് പട്ടികയിൽ ഉൾപ്പെട്ടവർക്ക് തപാൽ ബാലറ്റ് നൽകും. ഇവർ പിന്നീട് കൊവിഡ് മുക്തരായാലും തപാൽ വോട്ട് തന്നെ ചെയ്യണം.

കൊവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാനുളള സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കണം. എന്നാൽ വീട്ടിലും സ്വകാര്യ ആശുപത്രികളിലും കഴിയുന്നവർ സ്വയം എത്തണം. ഇവർ അഞ്ച് മണിയ്ക്ക് വോട്ട് ചെയ്യാനെത്തുമ്‌ബോൾ ഇതര വോട്ടർ വരി നിൽക്കുന്നുണ്ടെങ്കിൽ അവരെല്ലാം വോട്ട് ചെയ്ത ശേഷം ബൂത്തിൽ കയറാം. ഈ സമയത്ത് ബൂത്തിനകത്തുളളവർ പി പി ഇ കിറ്റ് ധരിക്കണം. വോട്ട് രേഖപ്പെടുത്തുമ്പോൾ കൈയുറ നിർബന്ധമാണ്. ഓരോരുത്തരും ഒപ്പിടാൻ വെവ്വേറെ പേന ഉപയോഗിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.