വി.മുരളീധരൻ വെട്ടിൽ; ധനകാര്യ മന്ത്രാലയം തള്ളിപ്പറഞ്ഞിട്ടും തന്റെ നിലപാടിൽ ഉറച്ച് വി.മുരളീധരൻ; മുരളീധരനെതിരെ സി.പി.എം രംഗത്ത്

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്ത് വിഷയത്തിൽ പാർട്ടി തന്നെ പ്രതിരോധത്തിൽ നിൽക്കുമ്പോൾ സി.പി.എമ്മിന് കച്ചിത്തുരുമ്പായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന്റെ നിലപാട്. കേന്ദ്ര ധനകാര്യ മന്ത്രാലയം പോലും തള്ളിപ്പറഞ്ഞിട്ടും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയത് ഡിപ്ലോമാറ്റിക്ക് ബാഗേജിൽ അല്ലെന്ന നിലപാടാണ് ഇപ്പോഴും മന്ത്രി സ്വീകരിക്കുന്നത്.

സ്വർണ്ണം കടത്തിയത് ഡിപ്ലോമാറ്റിക്ക് ബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്നും, ഡിപ്ലോമാറ്റിക്ക് ബാഗേജ് എന്ന വ്യാജേനെയാണ് സ്വർണ്ണം കടത്തിയതെന്നുമാണ് അന്നും ഇന്നും തന്റെ നിലപാട് എന്നും മുരളീധരൻ ആവർത്തിക്കുന്നു.

സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിൽ കൂടിത്തന്നെയെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ലോക്‌സഭയിൽ രേഖാ മൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 കിലോ സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്നാണ് മന്ത്രിസഭയെ അറിയിച്ചത്.

മന്ത്രി വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ , ധനമന്ത്രാലയം ലോക്സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ. പിണറായിയുടെയും കൂട്ടരുടെയും അഴിമതിയുടെയും കള്ളക്കടത്തിന്റെയും കഥകൾ ഒന്നൊന്നായി ജനമധ്യേ വരികയല്ലേ.

നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി.പി െഎ.എമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്‌സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ.

ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണ്ണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണ്ണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്.

എന്നാലത് യഥാർത്ഥത്തിൽ ഡിപ്‌ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവർ നടത്തിയ സ്വർണ്ണ കള്ളക്കടത്ത് ആർക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോൾ, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും. കള്ളത്തരങ്ങളൊക്കെ വെളിയിൽ വരുമ്പോൾ അടിത്തറ ഇളകുന്നത് സ്വാഭാവികം.

ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങൾ ക്യാപ്‌സൂളിറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല.
എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
സ്വർണ്ണം കടത്തിയതിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രൻമാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി?പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോർത്ത് പിണറായി വിജയൻ ആശങ്കപ്പെടണ്ട.

സ്വന്തം മന്ത്രിസഭയിലെയും പാർട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത് ?