
കൊല്ലം വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ അനുവദിച്ച് ജയിൽ മേധാവി
കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ നൽകി ജയിൽ വകുപ്പ്. ആദ്യം നൽകിയ അപേക്ഷയിൽ പോലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പോലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. ഇതേ തുടർന്ന് അപേക്ഷ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പരിഗണിക്കുകയും 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.
കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.
കേസിൽ പത്ത് വർഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങൾ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തളിവിടുകയെന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
