video
play-sharp-fill
ആര്‍ത്തവത്തില്‍ നിന്നും ആനയിലേക്ക്; മുരളി തുമ്മാരുകുടി

ആര്‍ത്തവത്തില്‍ നിന്നും ആനയിലേക്ക്; മുരളി തുമ്മാരുകുടി

സ്വന്തംലേഖകൻ

കോട്ടയം : കാലാവസ്ഥാ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായും കാട്ടുതീയായും വെള്ളപ്പൊക്കമായും അത് നമുക്ക് പല സൂചനകളും തരുന്നു. തീവ്രവാദം നമ്മുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. ചൊവ്വയിലേക്ക് ആളെ വിടാനും ശൂന്യാകാശത്ത് കോളനികള്‍ തുടങ്ങാനും ലോകം പദ്ധതിയിടുന്നു. അതേസമയം സമ്പൂര്‍ണ സാക്ഷരതയുള്ള ഒരു ജനത ആര്‍ത്തവം മുതല്‍ ആന വരെയുള്ള വിഷയത്തില്‍ തമ്മിലടിക്കുകയാണെന്ന് വിമര്‍ശിച്ച് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുരളി തുമ്മാരുകുടി വിമര്‍ശനക്കുറിപ്പ് എഴുതിയിരിക്കുന്നത്.
മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ എല്ലാം സമയം ഇത്തരം അനാവശ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർത്തവത്തിൽ നിന്നും ആനയിലേക്ക്…

ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.

കൃത്രിമ ബുദ്ധിയുടെ വളർച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാൻ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു.
കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായി, കാട്ടുതീ ആയി, വരൾച്ച ആയി, വെള്ളപ്പൊക്കം ആയി അത് നമുക്ക് സൂചനകളും മുന്നറിയിപ്പുകളും തരുന്നു.

ലോകമെന്പാടും സ്‌കൂൾ കുട്ടികൾ അവരുടെ ഭാവിക്കായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതുന്നു.
തീവ്രവാദം നമ്മുടെ പടിവാതിക്കൽ എത്തി ആളുകളെ കൊന്നൊടുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മിനിസ്‌ട്രി ഓഫ് ടോളറൻസും സ്‌കൂളുകളിൽ പരസ്പരം മനസ്സിലാക്കാൻ ക്‌ളാസ്സുകളും ഒക്കെയായി ദുബായും സിംഗപ്പൂരും രാഷ്ട്ര നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആരോഗ്യ രംഗത്തെ വിപ്ലവകരമായ പുരോഗതികൾ ചരിത്രത്തിൽ ആദ്യമായി അറുപത്തിയഞ്ചു കഴിഞ്ഞവരുടെ എണ്ണം അഞ്ചു വയസ്സിന് താഴെയുള്ളവരുടേതിനേക്കാൾ കൂടുതൽ ആക്കിയിരിക്കുന്നു. ഇനി വരാൻ പോകുന്നത് വയസ്സന്മാരുടെ ലോകമാണെന്ന് ലോകം തിരിച്ചറിയുന്നു.

സൗരോർജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ എണ്ണ അധിഷ്ഠിതമായ സന്പദ്‌വ്യവസ്ഥകളെ നിഷ്പ്രഭമാക്കാൻ പോകുന്നു.
പുറത്തു ജോലി ചെയ്യുന്ന മലയാളികളേക്കാൾ കൂടുതൽ മറുനാട്ടുകാർ കേരളത്തിൽ ജോലിക്കെത്തുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ പരിവർത്തനത്തിന്റെ പടിവാതിലിലാണ് കേരളം.

നമ്മുടെ ഇന്ത്യയിലെ ഒന്നാമത്തെ നഗരവൽക്കരണ നിരക്കിൽ കേരളം ഗ്രാമങ്ങളിൽ നിന്നൊഴിഞ്ഞ് നഗരത്തിലേക്ക് കുടിയേറുന്നു.
നെൽപ്പാടം മുതൽ റബർ തോട്ടം വരെയുള്ള കൃഷിഭൂമി തരിശായി പ്രകൃതിയിലേക്ക് മടങ്ങാൻ റെഡിയാകുന്നു.
ഡ്രൈവറില്ലാത്ത ടാക്സികൾ ലോക നഗരങ്ങളിൽ ഓടാൻ തുടങ്ങുന്നു.

ചൊവ്വയിലേക്ക് ആളുകളെ വിടാനും ശൂന്യാകാശത്ത് കോളനികൾ തുടങ്ങാനും ലോകം ശ്രമം തുടങ്ങുന്നു.
ഈ ലോകത്ത്, ഒരു തുരുത്തിൽ, സന്പൂർണ്ണ സാക്ഷരതയുള്ള ഒരു ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയത്തിൽ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു.

മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ എല്ലാം സമയം ഇത്തരം ‘പ്രശ്നങ്ങൾ’ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുന്നു.

എന്നാണ് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്താൻ പോകുന്നത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മൾ എന്നാണ് അറിയാൻ പോകുന്നത് ?

എന്താടോ നന്നാവാത്തേ?

മുരളി തുമ്മാരുകുടി,
ഹേഗ്, മെയ് 9, 2019