പരിക്കേറ്റ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓടിയ കൊച്ചുമിടുക്കന് അന്താരാഷ്ട്ര പുരസ്ക്കാരം
സ്വന്തംലേഖകൻ
കോട്ടയം : സൈക്കിൾ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കാൻ പത്തുരൂപയുമായി ആശുപത്രിയിലേക്ക് ഓടിയ മിസോറാം സ്വദേശി ഡെറക്ക് എന്ന കുട്ടിയെ മറക്കുവാൻ ആർക്കും സാധിക്കില്ല. ദയനീയമായ മുഖത്തോടെ ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റെ കൈയിൽ പത്തു രൂപയുമായി നിൽക്കുന്ന ഈ കൊച്ചുമിടുക്കന്റെ ചിത്രം സോഷ്യൽമീഡിയയിൽ വലിയ കൈയടിയാണ് നേടിയെടുത്തത്.സാങ്ക എന്നയാളാണ് ഈ ചിത്രം പങ്കുവച്ചത്. തുടർന്ന് ഈ കുട്ടിയെ പഠിക്കുന്ന സ്കൂളിന്റെ അധികൃതരും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിത അന്താരാഷ്ട്ര സംഘടനയായ പീറ്റ ഡെറക്കിന് പുരസ്ക്കാരം നൽകിയിരിക്കുകയാണ്. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് പീറ്റ( പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്). കാംപാഷനേറ്റ് കിഡ് എന്ന പുരസ്ക്കാരമാണ് ഇവർ ഡെറക്കിന് സമ്മാനിച്ചത്. ഈ പുരസ്ക്കാരം നൽകുവാനായി എട്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവരെയാണ് പീറ്റ തെരഞ്ഞെടുക്കുന്നത്. പ്രായഭേദമന്യേ ഈ ലോകത്തുള്ള എല്ലാവർക്കും നന്മയുടെ സന്ദേശമാണ് ഈ കൊച്ചുമിടുക്കൻ നൽകിയതെന്നാണ് സോഷ്യൽമീഡിയയിൽ ഏവരും അഭിപ്രായപ്പെടുന്നത്.