
പൊലീസ് തിരയുന്ന വി ഐ പി ഞാനല്ല; പെൻഡ്രൈവ് കൊടുക്കാനുള്ള പരിചയമൊന്നും ദിലീപുമായില്ല; നുണ പരിശോധനയടക്കമുള്ള ഏതന്വേഷണങ്ങൾക്കും താൻ തയ്യാറെന്ന് കോട്ടയത്തെ ഹോട്ടൽ വ്യവസായി
സ്വന്തം ലേഖകൻ
കോട്ടയം:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്.
ദിലീപുമായി നേരിട്ട് യാതൊരു ബന്ധമില്ല.ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ദിലീപുമായി സഹകരിച്ചത്. ദിലീപുമായി ചേര്‍ന്ന് ‘ദേ പുട്ട്’ റസ്റ്ററന്റ് ഖത്തറില്‍ പാര്‍ട്ണര്‍ഷിപ്പില്‍ നടത്തുന്നുണ്ട്. കേസ് വന്നതിന് ശേഷം, ദുബൈയില്‍ റസ്റ്ററന്റ് തുടങ്ങുന്നതില്‍ നിന്ന് മാറിയെന്നും മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ദിലീപിന്റെ സഹോദരനെയും അളിയനെയും കണ്ടിട്ടുപോലുമില്ല. അദ്ദേഹത്തോട് തന്നെ ചോദിക്കാമല്ലോ. ഏതെങ്കിലും ഫങ്ഷനില്‍ വെച്ച് കണ്ടിട്ടുണ്ടെങ്കിലേയുള്ളു.അതും ഓര്‍മ്മയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ വ്യാപാരബന്ധത്തില്‍ നിന്നും മാറി. പ്രശ്‌നങ്ങള്‍ മാറിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് വീണ്ടും ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന്റെ വീട്ടില്‍ ഒരു തവണയെപ്പോയിട്ടുള്ളു.അത് മൂന്നുവര്‍ഷം മുന്‍പാണ്.ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പ് അതേക്കുറിച്ച് സംസാരിക്കാന്‍ പോയതാണ്. അര മണിക്കൂറില്‍ക്കൂടുതല്‍ ഇരുന്നിട്ടില്ല.വീട്ടില്‍ ചെല്ലുമ്പോള്‍ കാവ്യയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ് കുറേക്കഴിഞ്ഞാണ് ബിസിനസ് പാര്‍ടണര്‍ ആയത്. ഇക്ക എന്നാണ് ദിലീപും കാവ്യയും വിളിക്കാറ്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. നുണ പരിശോധന ഉള്‍പ്പെടെ നടത്താന്‍ തയ്യാറാണ്. പെന്‍ഡ്രൈവ് കൊടുക്കാന്‍ പറ്റിയ ബന്ധമൊന്നും ദിലീപുമായില്ല. ഡീലിന് വേണ്ടിപ്പോയതിന് അല്ലാതെ ദിലീപും കാവ്യയുമായി മറ്റു ബന്ധങ്ങളില്ല.
മുഷ്താക്ക് എന്ന സുഹൃത്താണ് ദിലീപുമായുള്ള പാര്‍ട്ണര്‍ഷിപ്പ് കാര്യങ്ങളൊക്കെ നോക്കുന്നത്. ദിലീപുമായി ഫോണില്‍ വിളിക്കുകയോ മറ്റോ ചെയ്യാറില്ല.തന്റെ പേര് ചര്‍ച്ചയില്‍ വന്നത് എങ്ങനെയാണെന്ന് അറിയില്ല.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പൊലീസ് തെളിയിക്കട്ടെ. ദിലീപിനെക്കുറിച്ച് മോശമായ അഭിപ്രായം തോന്നിയിട്ടില്ല. മന്ത്രിമാരുമായും ബന്ധമില്ല. ദിലീപ് എന്റെ ആരുമല്ല.ബിസിനസില്‍ പണം മുടക്കിയിട്ടിണ്ട്. അതില്‍ ലാഭം ലഭിച്ചിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു.