അറിവിന്റെ നേർക്കാഴ്ചയുമായി ഒരു വില്ലേജ് ഓഫീസർ

അറിവിന്റെ നേർക്കാഴ്ചയുമായി ഒരു വില്ലേജ് ഓഫീസർ

Spread the love

മലപ്പുറം: ചരിത്ര സംഭവങ്ങളും മഹാരഥന്മാരുടെ മരണവുമടക്കം റിപ്പോർട്ട് ചെയ്തിരുന്ന ദിനപത്രങ്ങളും മാസികകളും കാത്തു സൂക്ഷിച്ച് അറിവിന്റെ നേർക്കാഴ്ചയാവുകയാണ് ഒരു വില്ലേജ് ഓഫീസർ. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ വണ്ടൻപതാൽ സ്വദേശിയും ഇപ്പോൾ മലപ്പുറത്ത് എ.ആർ നഗറിൽ വില്ലേജ് ഓഫീസറുമായ എ.എസ് മുഹമ്മദ് ആണ് പത്രങ്ങളും മാസികകളും, സ്‌കൂളുകളിലും ക്ലബുകളിലുമെല്ലാം പ്രദർശിപ്പിച്ച് പുതുതലമുറയ്ക്ക് അറിവു പകരുന്ന ആ വലിയ മനുഷ്യൻ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചതും ഇപ്പോൾ പ്രചാരണത്തിൽ ഇല്ലാത്തതുമായ മുന്നൂറോളം ദിനപത്രങ്ങളും രണ്ടായിരത്തോളം മാസികകളുമാണ് മുഹമ്മദിന്റെ ശേഖരത്തിലുള്ളത്.

 


കാരവൽ, മാതൃദേശം, പടയണി, സത്ഭാവന, ഇൻഡ്യൻ ന്യൂസ്, കൈയ്യൊപ്പ്, ഉത്തരദേശം, മലബാർ വാർത്ത, ഭാരത പത്രിക, ഇൻഡ്യൻ പൗരൻ തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത ദിനപത്രങ്ങളും ജവഹർലാൽ നെഹ്‌റുവിന്റെ മരണം, സഞ്ചയ് ഗാന്ധിയുടെ വിമാനാപകടം, ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചത്, റ്റി.വി തോമസിന്റെ മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്, മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റിയത് തുടങ്ങിയ വാർത്തകളെല്ലാം പ്രസിദ്ധീകരിച്ച ദിനപത്രങ്ങളുമെല്ലാം മുഹമ്മദിന്റെ കൈവശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അറിവുകളെല്ലാം ശേഖരിച്ച് വയ്ക്കുക മാത്രമല്ല, മറ്റുള്ളവരിലേക്ക് പകർന്നു നല്കുക എന്നൊരു വലിയ ഉത്തരവാദിത്തം കൂടെ മുഹമ്മദ് വഹിക്കുന്നുണ്ട്. വില്ലേജ് ഓഫീസറുടെ തിരക്കുള്ള ജോലികൾക്കിടയിലും ഇതിനായി മുഹമ്മദ് സമയം മാറ്റി വയ്ക്കും. പത്രങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനുമെല്ലാം ഭാര്യയും മക്കളും വലിയ പിന്തുണയാണ് നല്കുന്നതെന്ന് മുഹമ്മദ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ആയിശാ ബീവി ഭാര്യയും, അൽത്താഫ്, അക്തർ എന്നിവർ മക്കളുമാണ്.