Spread the love

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് – കെഎസ് യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നടന്ന കള്ളക്കളികളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കേസ് ഡയറി തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയ ആഭ്യന്തര വകുപ്പിലെ ആ ‘ഐപിഎസ് വമ്പന്‍’ അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആണെന്ന സൂചനകളിലേക്കാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.

video
play-sharp-fill

ഇതോടെ അജിത് കുമാറിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്ധമായി സംരക്ഷിക്കാന്‍ വേണ്ടി ക്രമസമാധാന പാലനത്തിന്റെ തലപ്പത്തിരുന്നവര്‍ തന്നെ നിയമവിരുദ്ധമായി ഫയലുകള്‍ തിരുത്തിയെന്ന വിവരം പുറത്തുവന്നതോടെ ആഭ്യന്തര വകുപ്പില്‍ വന്‍ മിന്നല്‍ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരേയും നടപടി വരും. പോലീസില്‍ പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു അജിത് കുമാര്‍. പോലീസുകാര്‍ക്കൊപ്പം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനേയും ഈ അന്വേഷണത്തില്‍ കുടുക്കാനാണ് നീക്കം.

രക്ഷാ പ്രവര്‍ത്തന കേസിലെ അന്നത്തെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലേക്ക് രണ്ട് തവണ രഹസ്യമായി വിളിച്ചുവരുത്തിയിരുന്നു എന്ന നിര്‍ണ്ണായക വിവരമാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്നത്. ഈ അസ്വാഭാവിക സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും പൂര്‍ണ്ണമായും മാറിയതും, മര്‍ദ്ദനത്തിന്റെ വ്യക്തമായ വീഡിയോ പോലീസ് കണ്ടിട്ടില്ലെന്ന കള്ളവാദം ഔദ്യോഗിക റിപ്പോര്‍ട്ടില്‍ തിരുകിക്കയറ്റിയതും എന്ന് പ്രത്യേക അന്വേഷണസംഘം ഉറച്ചു വിശ്വസിക്കുന്നു. കേസില്‍ ഏറ്റവും നിര്‍ണ്ണായക തെളിവാകേണ്ടിയിരുന്ന മര്‍ദ്ദന ദൃശ്യങ്ങള്‍ പൂഴ്ത്താന്‍ എഡിജിപിയുടെ ഓഫീസില്‍ വെച്ച്‌ നേരിട്ട് ഗൂഢാലോചന നടന്നെന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ ഈ വീഡിയോയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും, മര്‍ദ്ദനം ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമല്ലെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും എസ്‌ഐടി റെയ്ഡിലൂടെ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി മുന്‍പ് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുനില്‍ രാജ്, ബന്ധപ്പെട്ട എസ്‌ഐമാര്‍ തുടങ്ങിയ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വിശദമായ മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ മൊഴികളിലും എഡിജിപിയുടെ ഓഫീസില്‍ നിന്നും ഉണ്ടായ കടുത്ത സമ്മര്‍ദ്ദങ്ങളെക്കുറിച്ച്‌ വ്യക്തമായ സൂചനകളുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ ക്രിമിനല്‍ നടപടികളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി ബോധപൂര്‍വ്വമായ ഇടപെടല്‍ ഉന്നത പോലീസ് ആസ്ഥാനത്ത് നിന്ന് തന്നെ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായതോടെ, ഈ അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഐപിഎസ് വമ്പന്മാരുടെ കൃത്യമായ പങ്ക് തെളിയിക്കാനാണ് എസ്‌ഐടി ഇപ്പോള്‍ ശ്രമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകള്‍ സഹിതമുള്ള അന്വേഷണ റിപ്പോര്‍ട്ട് എസ്‌ഐടി ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി സമര്‍പ്പിക്കും.

അതേസമയം, സംഭവത്തില്‍ പ്രതികളായ നാല് ഗണ്‍മാന്‍മാര്‍ക്കെതിരെയും കടുത്ത ക്രിമിനല്‍ നടപടികളും ഡിസ്മിസ്സല്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികളും വരാന്‍ പോവുകയാണെന്ന സൂചനയുമുണ്ട്. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം തികച്ചും ചട്ടവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച്‌ ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചത്.

ഇതിന് പുറമെ, അന്ന് സംഭവത്തിന് തൊട്ടുപിന്നാലെ ഗണ്‍മാന്‍മാര്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് മുന്‍ ആലപ്പുഴ എസ്പി നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായും പുതിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഇത്തരം രാഷ്ട്രീയ ഒത്തുകളികളെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലൂടെ ആഭ്യന്തര വകുപ്പില്‍ വലിയൊരു അഴിച്ചുപണിക്കാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടക്കമിട്ടിരിക്കുന്നത്