
ആലുവയിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നേരെ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക്; പൊലീസിന് മുൻപിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത് നിറഞ്ഞ പുഞ്ചിരിയോടെ; ഇരയുടെ പേര് വെളിപ്പെടുത്തി പൊതു സമൂഹത്തില്‍ അപമാനിച്ചിട്ടും അറസ്റ്റോ റിമാന്‍ഡോ ഉണ്ടാകാനുള്ള സാധ്യത കുറവ്; വിജയ് ബാബുവിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പായി
സ്വന്തം ലേഖിക
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബു പൊലീസിന് മുന്നില്‍ ഹാജരായപ്പോള്‍ മുഖത്ത് നിറഞ്ഞത് ആത്മവിശ്വാസം.
പൊലീസിന് മുൻപില്‍ കുറ്റവാളിയുടെ മുഖഭാവമില്ലാതെ ചിരിയും സന്തോഷവുമായാണ് വിജയ് ബാബു ഇരുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഹാജരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടില്‍ തിരിച്ചെത്തിയാല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. അന്വേഷണസംഘത്തിന് വിജയ്ബാബുവിനെ ചോദ്യംചെയ്യാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിജയ്ബാബു അഭിഭാഷകനൊപ്പം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഈ ചോദ്യം ചെയ്യലോടെ തന്നെ വിജയ് ബാബുവിന്റെ കേസ് അപ്രസക്തമാകാനാണ് സാധ്യത.
ഇരയുടെ പേര് വെളിപ്പെടുത്തി പൊതു സമൂഹത്തില്‍ അപമാനിച്ചിട്ടും അറസ്റ്റോ റിമാന്‍ഡോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വിജയ് ബാബുവിന്റെ കൈയിലെ തെളിവുകള്‍ മുഖവിലയ്‌ക്കെടുത്ത് പീഡന കേസ് തന്നെ അവസാനിപ്പിക്കാനാണ് സാധ്യത.
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ്ബാബുവിനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍പോയ വിജയ്ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. കേസില്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം ദുബായില്‍നിന്ന് നാട്ടിലേക്ക് തിരിച്ചത്.
ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് വിജയ്ബാബു എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും സഹോദരനും ഒപ്പം ആലുവയില്‍ ക്ഷേത്രദര്‍ശനം നടത്തി. ഇതിനുശേഷമാണ് അദ്ദേഹം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വിജയ്ബാബു നേരത്തെ പറഞ്ഞിരുന്നു.