രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 2 കൊള്ളക്കാര്‍;  പട്ടുമെത്തയില്‍ കിടന്നുറങ്ങിയ മുണ്ടക്കയം സി.ഐ.ഷിബുകുമാര്‍ ഇന്നലെ സബ് ജയിലിലെ സിമെന്റ് തറയില്‍ കൊതുകുകടിയും കൊണ്ട് ഉറങ്ങി;  നായകന്‍ ക്ലൈമാക്‌സില്‍ വില്ലനാകുമ്പോള്‍

രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 2 കൊള്ളക്കാര്‍; പട്ടുമെത്തയില്‍ കിടന്നുറങ്ങിയ മുണ്ടക്കയം സി.ഐ.ഷിബുകുമാര്‍ ഇന്നലെ സബ് ജയിലിലെ സിമെന്റ് തറയില്‍ കൊതുകുകടിയും കൊണ്ട് ഉറങ്ങി; നായകന്‍ ക്ലൈമാക്‌സില്‍ വില്ലനാകുമ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: രണ്ടാഴ്ചയ്ക്കിടെ കോട്ടയത്ത് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായത് രണ്ട് പേരാണ്. വൈക്കം താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശ്രീരാഗും മുണ്ടക്കയം സി. ഐ. ഷിബുകുമാറും. ഇതില്‍ പണ്ട് മുതലേ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയാണ് ഷിബുകുമാര്‍. അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കേസില്‍ നിന്നും മകനെ ഒഴിവാക്കുന്നതിനായി അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഷിബുകുമാറും മുണ്ടക്കയം പൊലീസ് ക്യാന്റീനിന്റെ കരാറുകാരന്‍ സുദീപ് ജോസും വിജിലന്‍സ് പിടിയിലാകുന്നത്.

പൊലീസ് ക്യാന്റീന്‍ എന്നാണ് പേരെങ്കിലും ഷിബുകുമാറിന്റെയും ശിങ്കിടികളുടെയും അഴിഞ്ഞാട്ട സങ്കേതമാണിത്. കൈക്കൂലി വാങ്ങുന്നതിനും മറ്റ് ആഭാസങ്ങള്‍ക്കും ഷിബുകുമാറിന് ചുക്കാന്‍ പിടിക്കുന്നത് സുദീപാണ്. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി സുദീപ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡുവായ അര ലക്ഷം രൂപ കൊടുക്കുന്നതിനായി തിങ്കളാഴ്ച വൈകിട്ടോടെ യുവാവ് സി.ഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സുദീപിന്റെ കൈവശം യുവാവ് പണം കൊടുത്തു വിട്ടു. സുദീപ് പണം സി.ഐയ്ക്കു കൈമാറിയതിന് തൊട്ടുപിന്നാലെ വിജിലന്‍സ് സംഘം വീടിനുള്ളില്‍ കയറി ഇരുവരെയും അറസ്റ്റ് ചെയ്തു. ആദ്യമായല്ല, ഷിബുകുമാര്‍ കൈക്കൂലി കേസില്‍ അകത്താകുന്നത്. മുന്‍പ് തിരുവനന്തപുരം കഴക്കൂട്ടത്ത് ജോലി ചെയ്യുമ്പോഴും കൈക്കൂലി കേസില്‍ വിജിലന്‍സ് സംഘം ഷിബുകുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനത്തിന്റെ മറപറ്റിയാണ് ഷിബുകുമാര്‍ കൈക്കൂലി വാങ്ങിയിരുന്നത് . മുണ്ടക്കയത്ത് ചുമതലയേറ്റ നാള്‍ മുതല്‍ വികസന നായകന്റെ പരിവേഷം കിട്ടാന്‍ പെടാപ്പാട് പെടുകയായിരുന്നു ഇയാള്‍. 32 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പൊലീസ് ക്യാന്റീന്‍ പണികഴിപ്പിച്ചു. സ്റ്റേഷനിലെ പൊലീസുകാര്‍ സമാഹരിച്ച തുകയും വ്യാപാരികളുടെ സഹായവും കൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. കോട്ടയം ജില്ലയില്‍ ആദ്യമായി സ്വന്തമായി പ്രവര്‍ത്തനം ആരംഭിച്ച പൊലീസ് ക്യാന്റീനും ഇത് തന്നെ.

പിന്നാലെ സ്റ്റേഷന് സമീപം കാട് പിടിച്ച് കിടന്ന ക്വാര്‍ട്ടേഴ്സ് ഇടിച്ചു നിരത്തി പുതിയ കെട്ടിടം നിര്‍മ്മിച്ചു. ഇവിടെ ക്യാന്റീന്‍ സൗകര്യമൊരുക്കി. എല്ലാത്തിനും ഒത്താശ ചെയ്ത് ഒപ്പം നിന്നത് കൈക്കൂലി കേസിലും സി.ഐക്ക് ഒപ്പം അകത്തായ സുദീപാണ്. മുകള്‍ നിലയിലെ കോണ്‍ഫറന്‍സ് ഹാള്‍ മാസ്‌ക് നിര്‍മ്മാണ കേന്ദ്രമാക്കി. നാട്ടിലെ തയ്യല്‍ക്കാരെ വിളിച്ച് കൂട്ടി മാസ്‌കുകളുടെ നിര്‍മ്മാണവും തുടങ്ങി. മാസ്‌ക് നിര്‍മ്മാണത്തിനൊപ്പം തയ്യല്‍ക്കാരിയുമായി സി.ഐക്കുള്ള ‘മാനസികഅടുപ്പവും’ പരസ്യമായ രഹസ്യമായി.

പണം മാത്രമേ കൈക്കൂലിയായ് വാങ്ങൂ എന്ന് യാതൊരു നിര്‍ബന്ധവും ഇയാള്‍ക്കില്ല. സ്മാര്‍ട്ട് ഫോണുകള്‍, വിലകൂടിയ പേന തുടങ്ങി എന്ത് കോസ്റ്റ്ലി ഐറ്റവും സ്വീകരിക്കും. മൂന്ന് മാസത്തോളം നിരീക്ഷിച്ച ശേഷമാണ് സി.ഐ ഷിബുകുമാറിനെ വിജിലന്‍സ് കയ്യോടെ കൈക്കൂലിയുമായ് പൊക്കിയത്. ഇനി സേനയില്‍ ഷിബുകുമാര്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം.

വൈക്കം താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശ്രീരാഗ് ഷിബുകുമാറിനെ പോലെ പണ്ടേ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയല്ലെങ്കിലും ഡോക്ടറുടെ ‘സാമ്പത്തികം’ കേട്ട വിജിലന്‍സിന്റെ ഞെട്ടല്‍ ഇത് വരെ മാറിയിട്ടില്ല. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ലത് മാത്രമേ ഡോക്ടറെപ്പറ്റി പറയാനുള്ളൂ. കാരണം, കൈക്കൂലിയുള്‍പ്പെടെയുള്ള സര്‍ജന്റെ തിരിമറികള്‍ അതീവ രഹസ്യമായാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. പണം കൈകൊണ്ട് വാങ്ങാതെ, പെട്ടിയില്‍ ഇടീക്കുന്നതാണ് രീതി.

ഒരു ദിവസം കളക്ഷനായി നേടിയിരുന്നത് 15540 രൂപയോളമാണ്. രോഗിയെ ലാബില്‍ അയച്ചാല്‍ 25 ശതമാനം കമ്മീഷനായും പെട്ടിയില്‍ വന്ന് വീഴും. നാല്പതിനായിരം രൂപ പ്രതിമാസം കെഎസ്എഫ്ഇ ചിട്ടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. വിജിലന്‍സ് പിടിയിലാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 77 ലക്ഷം രൂപയുടെ ഇ ക്ലാസ് ബെന്‍സ് ഇയാള്‍ ബുക്ക് ചെയ്തിരുന്നത്. എല്ലാവരുടെയും മുന്നില്‍ നല്ല പിള്ള ചമഞ്ഞ് ഒടുവില്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായപ്പോള്‍ ഒരു നാട് മുഴുവനാണ് നടുങ്ങിയത്. നായകന്‍ തന്നെ ക്ലൈമാക്സില്‍ വില്ലനാകുന്ന ചില ത്രില്ലര്‍ സിനിമ പോലെയായിരുന്നു വൈക്കത്തെ ഡോക്ടറുടെ കഥ. അറസ്റ്റിലായ ഡോക്ടറെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ഈ രണ്ട് കൈക്കൂലിക്കള്ളന്മാരെപ്പറ്റിയും വിശദമായ വിവരങ്ങള്‍ വായനക്കാര്‍ക്കിടയില്‍ എത്തിച്ച തേര്‍ഡ് ഐ ന്യൂസിന് അഭിനന്ദന പ്രവാഹത്തിനൊപ്പം, ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. രണ്ട് പേരുടെയും പിന്നില്‍ വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശരിവയ്ക്കുന്നതാണ് ഇവയോരോന്നും.