വീട് വാടകയ്ക്ക് എടുത്ത് മോഷണത്തിന് ആസൂത്രണം: പാലായിൽ ബൈക്കിലെത്തി വയോധികയുടെ മാലമോഷ്ടിച്ച മൂന്നംഗസംഘം  വാടക വീട്ടിൽ നിന്നും പിടിയിൽ

വീട് വാടകയ്ക്ക് എടുത്ത് മോഷണത്തിന് ആസൂത്രണം: പാലായിൽ ബൈക്കിലെത്തി വയോധികയുടെ മാലമോഷ്ടിച്ച മൂന്നംഗസംഘം വാടക വീട്ടിൽ നിന്നും പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പാലാ: തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്ത് അടുത്ത മോഷണത്തിനായി ആസൂത്രണം ചെയ്യുന്നതിനിടെ പാലായിൽ ആഡംബര ബൈക്കിലെത്തി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ.

രാമപുരം മാനത്തൂരിൽ പെട്ടിക്കട നടത്തുകയായിരുന്ന കുറ്റി പൂവത്തിങ്കൽ അമ്മിണിയുടെ മാല പൊട്ടിച്ചെടുത്ത സംഘത്തിലെ മൂന്നു പേരെയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും രാമപുരം പൊലീസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ചായിപുറത്ത് ഷെഫീക്ക് മൻസിലിൽ റഫീഖിന്റെ മകൻ ഷെഫീഖ് (23) സഹോദരൻ ഷമീർ (20) രാമപുരം മങ്കുഴി ചാലിൽ വിനോദിന്റെ മകൻ അമൽ (20) എന്നിവരാണ് കഴക്കൂട്ടത്ത് ഉള്ള വാടകവീട്ടിൽ നിന്നും പിടിയിലായത്. കഴിഞ്ഞ മാസം 31 ആം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു ന്യൂ ജനറേഷൻ ബൈക്കിൽ അമ്മിണിയുടെ പെട്ടിക്കടയിൽ എത്തിയാണ് സംഘം മോഷണം നടത്തിയത്.

അമ്മിണിയുടെ കടയ്ക്ക് സമീപമെത്തിയ ഷമീറും അമലും ബൈക്ക് ഓഫ് ചെയ്യാതെ 10 മീറ്റർ അകലെ വണ്ടി നിർത്തി. തുടർന്ന്, ഷമീർ ബൈക്കിൽ നിന്നും ഇറങ്ങി കടയിൽ എത്തി അമ്മിണിയോട് സോഡാ നാരങ്ങാ വെള്ളം ആവശ്യപ്പെടുകയായിരുന്നു. നാരങ്ങാവെള്ളം എടുക്കുവാനായി കടയുടെ പുറകിലേക്ക് പോയ അമ്മിണിയുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവൻ സ്വർണമാല ഷമീർ പൊട്ടിച്ചെടുത്ത് ഓടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

കോട്ടയം ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയായ അമൽ ഷെമീറിനും ഷെഫീക്കിനുമൊപ്പം തിരുവനന്തപുരം കഴക്കൂട്ടത്ത് വാടക വീട് എടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. അടുത്ത മോഷണം നടത്തുന്നതിനായി ഷെഫീഖ് ആയിരുന്നു വീട് വാടകയ്ക്ക് എടുത്തിരുന്നത്. മറ്റൊരു മോഷണക്കേസിൽ മൂന്നു വർഷത്തെ ജയിൽവാസത്തിനുശേഷം ജനുവരി ഒന്നിനാണ് ഷമീർ ജാമ്യത്തിൽ ഇറങ്ങിയത്.

തിരുവനന്തപുരം കൊല്ലം കോട്ടയം ജില്ലകളിലെ മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഷമീർ. ഇയാളുടെ സഹോദരൻ ഷെഫീഖ് തിരുവനന്തപുരം ജില്ലയിലെ നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയാണ്. പതിനാലാം വയസ്സിൽ മോഷണം ആരംഭിച്ച അമൽ കോട്ടയം ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും, വാകത്താനം പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലെയും പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കുരുമുളക് സ്പ്രേ അടിച്ച കേസിലെയും പ്രതിയാണ്.

രാമപുരത്ത് മാലപൊട്ടിക്കാൻ ഉപയോഗിച്ച് ബൈക്ക് ഷെമീർ തമിഴ്നാട് മാർത്താണ്ഡത്ത് നിന്നും കഴിഞ്ഞ മാസം ഒമ്പതാം തീയതി മോഷ്ടിച്ചതാണ്. പ്രതികളെ പിടികൂടിയ സമയത്ത് നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും മോഷ്ടിച്ച ഒരു ബൈക്കും കണ്ടെടുത്തിരുന്നു. പാലാ ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രൻ , രാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ അനിൽകുമാർ എസ് ഐ ഡിനി, സ്ക്വാഡ് അംഗങ്ങളായ എസ് ഐ തോമസ് സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ചന്ത്,ഷെറിൻ സ്റ്റീഫൻ, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.