
വെഞ്ഞാറമൂട് ആംബുലന്‍സ് അപകടത്തിൽ യുവാവ് മരിക്കുകയും, നാലുവയസുകാരി മകൾക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവം; അപകട സമയത്ത് വാഹനമോടിച്ചിരുന്നത് മെയിൽ നേഴ്സ്; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ആംബുലൻസ് ഇടിച്ചു കയറി അച്ഛനും മകൾക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ, അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് മെയിൽ നഴ്‌സ്. പരിക്കേറ്റ ഷിബു മരിച്ചു, മകൾ നാലുവയസ്സുകാരി അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണ്.
ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്‌സ് അമൽ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇരുവർക്കും എതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു.
അതിവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും പരിക്കേറ്റത്. വഴിയരികിലെ ലാബിന് മുന്നിൽ നിൽക്കുകയായിരുന്നു ഇവർ. വെഞ്ഞാറമൂട് സ്വദേശികളാണ്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. റോഡിന് ഒരു വശത്ത് ബൈക്ക് നിര്‍ത്തി ഷിബുവും അലംകൃതയും ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് ആംബുലന്‍സ് ഇടിച്ചു കയറിയത്.
അപകടത്തിന് പിന്നാലെ ഷിബുവിനെയും നാലുവയസ്സുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഷിബുവിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിബു ചികിത്സയിലിരിക്കെ മരിച്ചു. അലംകൃതയുടെയും പരിക്ക് അതീവ ഗുരുതരമാണ്.