video
play-sharp-fill
നല്ല നടപ്പിന് ശിക്ഷിച്ച പ്രതി വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: നിരവധി കേസുകളിൽ പ്രതിയായ യുവാവിന് രണ്ടര വർഷം തടവും, രണ്ടായിരം രൂപ പിഴയും

നല്ല നടപ്പിന് ശിക്ഷിച്ച പ്രതി വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: നിരവധി കേസുകളിൽ പ്രതിയായ യുവാവിന് രണ്ടര വർഷം തടവും, രണ്ടായിരം രൂപ പിഴയും

സ്വന്തം ലേഖകൻ

കോട്ടയം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിന് രണ്ടര വർഷം തടവും പിഴയും. പെരുമ്പായിക്കാട് മള്ളൂശേരി ഇളംമ്പള്ളിൽ വീട്ടിൽ അജിൻ ബാബു(23)വിനെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പായിക്കാട് സ്വദേശിയായ സിദ്ധാർത്ഥിന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി ഇവിടെ നിന്നും  സ്വർണമാലയും, ലോക്കറ്റും, വിവാഹ മോതിരവും മോഷ്ടിച്ചതായാണ് കേസ്. മോഷ്ടിച്ച ആഭരണങ്ങൾ കോട്ടയം നഗരത്തിലെ സിറ്റി ഗോൾഡ് എന്ന സ്ഥാപനത്തിൽ വിൽക്കുകയായിരുന്നു. സ്വർണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ബൈക്ക് വാങ്ങിയ പ്രതി ഇതിൽ കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെ ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.ജെ അരുൺ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മോഷണം നടത്തിയത് അജിനാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് ഐപിസി 454, ആൾ താമസമുള്ള വീട്ടിൽ നിന്ന് മോഷണം നടത്തുക ഐപിസി 380 , വീടിനുള്ളിൽ അതിക്രമിച്ചു കയറി സൂക്ഷിച്ച് വച്ചിരുന്ന സാധനം മോഷ്ടിക്കുക ഐപിസി 461 എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിചാരണ നടത്തിയ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് 454 , 380 വകുപ്പുകൾ പ്രകാരം ഒരു വർഷം തടവും ആയിരം രൂപ പിഴയും ശിക്ഷിച്ചു. 461 വകുപ്പിന് ആറു മാസമാണ് തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഒരു വർഷം തടവിൽ കഴിഞ്ഞാൽ മതിയാവും. പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ ജുവനൈൽ കോടതി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. ഈ നല്ലനടപ്പിനിടെയാണ് പ്രതി മോഷണം നടത്തിയത്. മോഷണം അടക്കം നിരവധി കേസുകളിൽ അജിൻ ബാബു പ്രതിയാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി.അനുപമ കോടതിയിൽ ഹാജരായി.