Spread the love

സംസ്ഥാനത്തെ സ്കൂളുകള്‍ പുതിയ അധ്യയന വർഷത്തിലേക്ക് കടന്നപ്പോള്‍, പ്രവേശനോത്സവ വേദിയില്‍ കുട്ടിക്കാലത്തെ മഴനനഞ്ഞ സ്കൂള്‍ ദിനങ്ങളും അനുഭവങ്ങളും ആശങ്കകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്കൂള്‍ തുറക്കുന്ന ദിവസം  മഴയില്ലാത്ത അവസ്ഥ കാലാവസ്ഥാ വ്യതിയാനത്തിന്റെ  ഗുരുതരമായ പ്രതിഫലനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

video
play-sharp-fill

“സ്കൂള്‍ തുറക്കല്‍ എന്ന് പറഞ്ഞാല്‍ മഴയും, പുതിയ പുസ്തകങ്ങളുടെ മണവും, കൂട്ടുകാരുടെ ചിരിയും ആയിരുന്നു ഞങ്ങളുടെ തലമുറയുടെ ഓർമ്മ. ആ മഴ ഇന്ന് കാണാനില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു,” എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ചടങ്ങിന്റെ പ്രധാന സന്ദേശമായി മാറിയത്. സ്കൂള്‍ തുറക്കുന്ന ദിവസം എന്നത് അന്നത്തെ കുട്ടികള്‍ക്ക് മഴയുടെയും ആഘോഷത്തിന്റെയും ദിനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് സ്കൂള്‍ തുറക്കുന്ന ദിവസം ഉറപ്പായും മഴ പെയ്യുമായിരുന്നു. ഇന്നിവിടെ നില്‍ക്കുമ്പോള്‍ എന്റെ മനസില്‍ നിറയുന്നത് ആ ഓർമ്മകളാണ്. എന്നാല്‍ ഇന്ന് ഒരു സങ്കടമുണ്ട്. മഴ പെയ്യുന്നില്ല എന്നതാണ് ആ സങ്കടം,” മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും നടന്ന് സ്കൂളിലെത്തിയിരുന്നുവെന്നും വഴിയിലുടനീളം മഴയില്‍ നനഞ്ഞും കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും സ്കൂളിലേക്ക് പോകുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. മഴക്കാല സ്കൂള്‍ യാത്രകളെക്കുറിച്ച്‌ സംസാരിക്കവെ മുഖ്യമന്ത്രി പഴയ തലമുറയുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. “വഴിയിലെ വെള്ളക്കെട്ടുകളില്‍ കാലിട്ട് വെള്ളം തെറിപ്പിച്ചും, മഴകൊണ്ട് നനഞ്ഞും, കുടയുണ്ടെങ്കില്‍ അത് ഇങ്ങോട്ടും അങ്ങോട്ടും മാറ്റിപ്പിടിച്ചും കൂട്ടുകാരുമായി സംസാരിച്ചും കളിച്ചുമായിരുന്നു ഞങ്ങള്‍ സ്കൂളിലേക്ക് പോയിരുന്നത്. ആ യാത്ര തന്നെ പഠനജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

ഇന്നത്തെ കുട്ടികള്‍ കൂടുതലായും സ്കൂള്‍ ബസുകളിലോ വാഹനങ്ങളിലോ ആണ് എത്തുന്നതെന്നും ജീവിതരീതികളില്‍ വന്ന മാറ്റങ്ങള്‍ സമൂഹത്തിന്റെ വളർച്ചയുടെ ഭാഗമാണെങ്കിലും പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.