Spread the love

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വി ഡി സതീശനായി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ. കെസി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ് ശത്രുസംഹാര പൂജ നടത്തിയത്. വിഡി സതീശന്‍, ചതയം നക്ഷത്രം, ശത്രുസംഹാര പൂജ എന്നാണ് രസീതിൽ എഴുതിയിരിക്കുന്നത്. അതിനിടെ സതീശനായി ഇന്നും വിവിധയിടങ്ങളില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചു. കോട്ടയത്തും തൊടുപുഴയിലും കോഴിക്കോടുമാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ വിഡിക്കായി രണ്ട് ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്. ഒന്നില്‍ ‘കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍ വി ഡി സതീശന്‍ കേരളം നയിക്കട്ടെ’ എന്നും രണ്ടാമത്തേതില്‍ ‘കേരളത്തിന്റെ കരുതലായി, വിളക്കായി വിഡി’ എന്നുമാണ് എഴുതിയിരിക്കുന്നത്. തൊടുപുഴയില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ ‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു എഴുതിയിരുന്നത്.

video
play-sharp-fill

അതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ടോടെ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, എന്നിവരാണ് കേരളത്തിലേക്ക് എത്തുക. നിലവില്‍ യാത്രികരുടെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക. ഒരു മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ അത് നാല് മണിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.